top news
തിരിച്ചെത്തുന്ന പ്രവാസികള്‍ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം
തിരുവനന്തപുരം: കോവിഡ്19 പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ആളുകളെ എത്തിക്കുന്നതെങ്കില്‍ അവര്‍ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത് അനുസരിച്ച് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ആളുകളെ എത്തിക്കുന്നത്. ഇത് വളരെ അപകടകരമാണ്. വിമാനത്തില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ അത് ആ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും ബാധിക്കും. നാട്ടിലാകെ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളം പ്രവാസികളെ തിരിച്ചെത്തിക്കുക ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളുപയോഗിച്ചാകും. പ്രവാസികള്‍ എത്തേണ്ടത് പ്രധാനമാണ്. എന്നാലവര്‍ വരുമ്പോള്‍ കോവിഡ് വ്യാപനം തടയുക എന്ന പ്രാഥമിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ സാധിക്കില്ല – മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഇറ്റലിയില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടു വന്നത് അവിടെ വെച്ച് തന്നെ പരിശോധിച്ചതിന് ശേഷമാണ്. വിമാനങ്ങളില്‍ അടച്ചിട്ട യാത്രയാണ്. വൈറസ് വ്യാപന സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ പുനപരിശോധന കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളില്‍ ആന്റിബോഡി ടെസ്റ്റി വ്യാപകമായി നടത്തും. അതിന് ആന്റി ബോഡിക് ടെസ്റ്റ് കിറ്റ് ആവശ്യമുണ്ട്.രണ്ട് ലക്ഷം ടെസ്റ്റ് കിറ്റിന് സംസ്ഥാനം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.