National
കുവൈത്ത്, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളിലേക്ക് ഇന്ന് മൂന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
കൊച്ചി: കുവൈത്ത്, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളില്‍ ലോക്ക്ഡൗണിലായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ശനിയാഴ്ച കേരളത്തില്‍ നിന്ന് മൂന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ പുറപ്പെടും. കുവൈത്തിലേക്കുള്ള വിമാനം കൊച്ചിയില്‍ നിന്ന് രാവിലെ പത്തിന് പുറപ്പെടും. രാത്രി 9.15ന് കൊച്ചിയില്‍ തിരിച്ചെത്തും.
മസ്‌കറ്റ് വിമാനം ഉച്ചക്ക് ഒരുമണിക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.50ന് തിരിച്ചെത്തും. ദോഹ വിമാനം വൈകീട്ട് നാലിന് പുറപ്പെട്ട് ഞായര്‍ പുലര്‍ച്ചെ 1.40ന് തിരിച്ചെത്തും.
ഞായറാഴ്ച ദോഹ, ക്വാലലംപൂര്‍ എന്നിവിടങ്ങളിലേക്കും വിമാനങ്ങള്‍ പുറപ്പെടും. ദോഹയിലേക്കുള്ള വിമാനം കോഴിക്കോട്ട് നിന്ന് ഉച്ചക്ക് ഒരു മണിക്ക് യാത്ര തിരിക്കും. രാത്രി പതിനൊന്ന് മണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. ക്വാലലംപൂരിലേക്ക് ഉച്ചക്ക് ഒന്നിന് കൊച്ചിയില്‍ നിന്ന് പുറപ്പെടും. രാത്രി പതിനൊന്നോടെ തിരിച്ചെത്തും.
ഈ സമയക്രമങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നേക്കാം. യാത്രക്കാരെ കൊണ്ടു പോകുന്നതിനും ചരക്കുനീക്കത്തിനുമായി കൊച്ചിയിലേക്ക് കൂടുതല്‍ വിമാനങ്ങളെത്തുന്നു. ശനിയാഴ്ച ഫ്‌ളൈ ദുബൈ കൊച്ചിയിലേക്കെത്തും. മെഡിക്കല്‍ സംഘത്തെ കൊണ്ടുപോകുന്നതിനായാണ് വിമാനം. ഞായറാഴ്ച സ്‌പൈസ് ജെറ്റ് വിമാനം ബെംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കൊച്ചിയിലേക്കും ഓരോ സര്‍വീസ് നടത്തും.