KERALAPoliticstop news

മുഖ്യമന്ത്രിയും സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണം: കെ. സുരേന്ദ്രന്‍

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ കളങ്കിത വ്യക്തികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയും സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.  അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്ത് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനാണെന്ന് കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗം ചേർന്ന്
മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തി സി.ബി.ഐ അന്വേഷണത്തിന് ഔപചാരികമായി ആവശ്യപ്പെടാത്തതിന് കാരണമെന്താണ്. സോളാര്‍ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എല്ലാവരും ആവശ്യപ്പെട്ടിരുന്നു. ശിവശങ്കറിന്റെ വിദേശ സന്ദര്‍ശനങ്ങള്‍ അന്വേഷിക്കണം. കളങ്കിത വ്യക്തിത്വങ്ങളോട് അടുപ്പമണ്ടെന്ന് സമ്മതിച്ച സ്പീക്കറും പുറത്തു പോവണം. ജനാധിപത്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്നവര്‍ എന്തടിസ്ഥാനത്തിലാണ് ഇത്തരക്കാരുടെ ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. ശിവശങ്കരൻ്റെ കാര്യത്തിലുള്ള ധാർമ്മികത ശ്രീരാമകൃഷ്ണന് ബാധകമല്ലാത്തതെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.
 ശിവശങ്കരനെ മാറ്റിയെങ്കിലും അദ്ദേഹത്തിനെതിരെ ഒരന്വേഷണവും നടക്കുന്നില്ല. അന്വേഷണത്തിൻ്റെ കുന്തമുന മുഖ്യമന്ത്രിയിലേക്കായതുകൊണ്ടാണ് സർക്കാർ അന്വേഷണത്തിന് മടിക്കുന്നത്. കസ്റ്റംസിന്  സംസ്ഥാന പൊലീസ് വിഭാഗം ഒരു സഹായവും നൽകുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്വപ്നയെ ഇതുവരെ കണ്ടെത്താത്തത് പൊലീസിൻ്റെ വീഴ്ചയാണ്. സുപ്രധാനമായ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ അന്വേഷണ ഏജൻസി ആവശ്യപ്പെട്ട ഒരു സഹായവും സംസ്ഥാന സർക്കാർ ചെയ്ത് കൊടുത്തിട്ടില്ല. സോളാർ കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ എവിടെ പോയെന്ന് ചോദിച്ച് തെരുവിലിറങ്ങിയവരാണ് ഇപ്പോൾ ഭരണത്തിലുള്ളത്. ക്ലിഫ് ഹൗസിലെയും  ഓഫീസിലെയും സി.സി.ടി.വി ദൃശ്യങ്ങൾ സുരക്ഷിതമാണോയെന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 സ്വപ്നയുമായുള്ള ബന്ധം എന്തുകൊണ്ട് മുഖ്യമന്ത്രി  നിഷേധിക്കുന്നില്ല. സർക്കാർ വാഹനങ്ങളും വിസിറ്റിംഗ് കാർഡുകളും ഉപയോഗിച്ചാണ് വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് നടന്നതെന്നതിന് തെളിവുകൾ ഉണ്ട്.

 സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളുടെ നടത്തിപ്പ് എങ്ങിനെ സ്വപ്ന സുരേഷിന് കിട്ടിയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം.
സി.പി.എം നേതാക്കളും അറബ് നാട്ടിലെ വ്യവസായികളും തമ്മിലുള്ള ബന്ധത്തിൻ്റെ ഇടനിലക്കാരിയാണ് സ്വപ്ന സുരേഷെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ഉൾപ്പെടെ ആരോപണ വിധേയനാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് സംസ്ഥാന ഐ.ടി വകുപ്പിൽ നിന്ന് ലഭിച്ച സഹായങ്ങൾ ശിവശങ്കറിനറിയാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉൾപ്പെടെ അന്വേഷണ പരിധിയിൽ കൊണ്ടുവന്നാൽ മാത്രമേ സത്യം പുറത്തുവരുകയുള്ളൂ.
കേന്ദ്ര അന്വേഷണത്തിൽ പരൽ മീനുകളും വമ്പൻ സ്രാവുകളും കുടുങ്ങുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ഉത്തരമേഖല സെക്രട്ടറി സുഗീഷ് കൂട്ടാലിട എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close