HealthKERALAlocal

ഭിന്ന ശേഷിക്കാരായവരുടെ സമഗ്രവികസനം ലക്ഷ്യമാക്കി ശാസ്ത്രീയ പദ്ധതിക്ക് രൂപം നല്‍കും: മന്ത്രി കെ.കെ.ശൈലജ

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആധുനികരീതിയിലുള്ള സൗജന്യ മൊബൈല്‍ ക്ലിനിക് സേവനം സംസ്ഥാനത്ത് ആദ്യം

കോഴിക്കോട് : കോവിഡാനന്തര ലോകത്ത് ഭിന്നശേഷിക്കാരായവരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ശാസ്ത്രീയമായ പദ്ധതിക്ക് രൂപം നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.  ഭിന്നശേഷി വിഭാഗത്തില്‍പെട്ടതും പ്രത്യേക കരുതല്‍ ആവശ്യമുള്ളവരുമായവര്‍ക്ക് വീട്ടിലെത്തി സൗജന്യ ചികിത്സ നല്‍കുന്ന ‘സ്പീഹോ’ (സ്പെഷ്യല്‍ ഹോം കേര്‍ ഫോര്‍ ഡിഫറന്റലി ഏബിള്‍ഡ് ) എന്ന ഹോം കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോട്  ജില്ലാ ഭരണകൂടം മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്.  ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയ സേവനങ്ങളും ശാരീരിക- മാനസിക- വൈകാരിക പ്രശ്നങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് പരിശീലനം സിദ്ധിച്ചിട്ടുള്ള ആളുകളുടെ സേവനവും ഈ പദ്ധതി മുഖേന ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ലോക് ഡൗണ്‍ കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികള്‍ വീട്ടിലിരിക്കുന്ന സാഹചര്യമാണുള്ളത്. അവരുടെ ദൈനംദിന ജീവിതം സുഗമമാക്കുന്നതിന് നിരന്തര പരിശീലനം ആവശ്യമാണ്.  ലോക്ഡൗണായതിനാല്‍ ഇത് കൃത്യമായി പാലിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അവരുടെ വീടുകളിലെത്തി ആവശ്യമായ പരിചരണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മറ്റു ജില്ലകളില്‍ കുടി പദ്ധതി നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന് സാമൂഹ്യനീതി സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു.
ഇത്തരത്തില്‍ ഒരു സംരംഭം  സംസ്ഥാനത്ത് ആദ്യമാണ്.  നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങിയ അവസ്ഥയിലുള്ളവര്‍ക്ക് ഫിസിയോ, ഒക്യുപ്പേഷണല്‍, സ്പീച്ച് തെറാപ്പി, കൗണ്‍സിലിംങ്ങ് തുടങ്ങിയവക്കാവശ്യമായ ഉപകരണങ്ങള്‍ സഹിതം പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനത്തില്‍  പരിചയസമ്പന്നരായ ഡോക്ടര്‍മാരും തെറാപ്പിസ്റ്റുകളുമായി വീടുകളില്‍ നേരിട്ടെത്തി ചികിത്സയും മരുന്നുകളും സൗജന്യമായി നല്‍കുന്നതാണ്  ‘സ്പിഹോ’.  കൊവിഡ് മാനദണ്ഡങ്ങള്‍  പാലിച്ചായിരിക്കും പരിശോധനയും ചികില്‍സയും.  കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും നാഷണല്‍ ട്രസ്റ്റ് ജില്ലാ സമിതിയുടെയും നേതൃത്വത്തില്‍ വെല്‍നസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെയും നാഷണല്‍ ട്രസ്റ്റ് എന്‍ജിഒ ആയ ഹ്യുമാനിറ്റി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
 ജില്ലാ കലക്ടര്‍ സാംബശിവറാവു മൊബൈല്‍ യൂണിറ്റ് ഫ്ളാഗ് ഓഫ് ചെയ്തു.  എ.പ്രദീപ് കുമാര്‍ എം എല്‍ എ അധ്യക്ഷനായി. നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി കണ്‍വീനറും ജില്ലാതല സമിതി മെമ്പറുമായ പി.സിക്കന്തര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി, എസ്എന്‍എസി ചെയര്‍മാന്‍ ഡി.ജേക്കബ്, ആസ്റ്റര്‍ മിംസ് സിഇഒ ഫര്‍ഹാന്‍ യാസിന്‍, വെല്‍നെസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ അക്ബര്‍ അലിഖാന്‍, ഹുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകന്‍ പികെഎം സിറാജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, പരിവാര്‍ പ്രസിഡന്റ് കെ.കോയട്ടി, എല്‍എല്‍സി മെമ്പര്‍ ഡോ.ബെന്നി, സാമൂഹ്യനീതി ഓഫീസര്‍ സി.കെ.ഷീബ മുംതാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close