Healthlocaltop news

ബീച്ച് ജനറല്‍ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ മെഡിക്കല്‍ ഐസിയു ഒരുങ്ങി

നിർമ്മാണം പൂർത്തിയായത് ഒന്നരമാസം കൊണ്ട്

കോഴിക്കോട് : കോവിഡ്  രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ജില്ലക്ക് മുതൽക്കൂട്ടായി   ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടു കൂടിയ   മെഡിക്കല്‍ ഐസിയു ആന്റ് സ്‌ട്രോക്ക് യൂണിറ്റ് സജ്ജമായി. എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ഐസിയു ഒന്നരമാസത്തിനുള്ളില്‍ തയ്യാറായത് ആരോഗ്യരംഗത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിന് ഉദാഹരണമാണ്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒരു കോടി രൂപ വിനിയോഗിച്ചാണ് ഐസിയുവിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 22 ബെഡുകള്‍ ഉള്‍ക്കൊള്ളുന്ന മെഡിക്കല്‍ ഐസിയു ആന്റ് സ്‌ട്രോക്ക് യൂണിറ്റാണ് ഒരുക്കിയിട്ടുള്ളത്. വിശാലമായ കാത്തിരിപ്പു കേന്ദ്രത്തോടൊപ്പം  നഴ്‌സിംഗ് സ്റ്റേഷന്‍, വര്‍ക്ക് സ്റ്റേഷന്‍, നവീകരിച്ച ശുചിമുറി എന്നിവയും ഉണ്ട്.
സിവില്‍ വര്‍ക്കിനായി 46 ലക്ഷം രൂപ വിനിയോഗിച്ചു. 13 ലക്ഷം രൂപയുടെ സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐസിയു കോട്ട്, മള്‍ട്ടി പാര മോണിറ്റര്‍, മൊബൈല്‍ എക്‌സ്റെ, ഇന്‍ഫ്യൂഷന്‍ പമ്പ്, എ ബി ജി മെഷീന്‍, നോണ്‍ ഇന്‍വേസീവ് വെന്റിലേറ്റര്‍, വെന്റിലേറ്റഴ്‌സ്, ഡിഫിബ്രിലേറ്റര്‍, ഇ സി ജി മെഷീന്‍ തുടങ്ങി  അത്യാധുനിക സംവിധാനങ്ങളോടു കൂടിയ എല്ലാ സൗകര്യങ്ങളും  ഫര്‍ണിച്ചറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എ പ്രദീപ് കുമാര്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ സാംബശിവ റാവു എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഐസിയുവിന്റെ നിർമ്മാണ പ്രവര്‍ത്തനം നടന്നത്. ഈ മാസം അവസാനത്തോടു കൂടി ഐസിയു രോഗികൾക്ക് പ്രയോജനപ്പെടുത്താനാവുമെന്ന് ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. എ നവീന്‍ പറഞ്ഞു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവൃത്തി എറ്റെടുത്ത് നടപ്പാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close