കോഴിക്കോട് : ബാലുശ്ശേരി കൃഷിഭവന് കീഴിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നിരവധി പേരാണ് കാർഷിക രംഗത്തേക്ക്കടന്നു വരുന്നത്. പതിനേഴാം വാർഡിൽ രണ്ടര ഏക്കറിൽ വിവിധ സംഘങ്ങൾ കിഴങ്ങുവർഗ്ഗ വിളകളുടെ കൃഷിആരംഭിച്ചുകഴിഞ്ഞു. കോക്കല്ലൂർ ചവിട്ടൻപറയിലാണ് ചേന, ചേമ്പ്, മരച്ചീനി എന്നിവയുടെ കൃഷി ആരംഭിച്ചത്.
കൂടാതെ ബാലുശ്ശേരിയിലെ ഫോട്ടോഗ്രാഫർമാരുടെ സംഘടനയും കൃഷിയിലേക്ക് ഇറങ്ങി. കൃഷിഭവന്റെ സഹായത്തോടെയാണ് ഒരേക്കറിൽ വാഴക്കൃഷി നടത്തുന്നത്. ഇതിനായി വാഴക്കന്നുകളുടെ വിതരണവും നടീലും ആരംഭിച്ചു. കോവിഡ് കാലത്ത് കൃഷിയിലേക്ക് തിരിച്ചുവരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് നിരവധിപേർ കരനെൽ കൃഷിയിലേക്കും തിരിഞ്ഞു.
കാർഷികവൃത്തി ഇഷ്ടപ്പെടുന്നവർക്കും പരമ്പരാഗത കർഷകർക്കും പ്രോത്സാഹനമായി ബാലുശ്ശേരി കൃഷി ഓഫീസർ പി.വിദ്യ, വാർഡ് അംഗങ്ങൾ തുടങ്ങിയവർ മുഴുവൻ സമയവും കൂടെയുണ്ട്. കൃഷി ചെയ്യാൻ മാത്രമല്ല ഉത്പാദിപ്പിക്കുന്ന വിളകൾ വിപണനം നടത്താൻ താത്കാലിക ഫാർമേഴ്‌സ് റീടൈൽ ഔട്ലെറ്റുകളും കൂടാതെ കൃഷിഭവന്റെ നേതൃത്വത്തിലുള്ള ആഴ്ചച്ചന്തയും കർമസേനയുടെ കീഴിൽ പ്രവർത്തനമാരംഭിക്കുകയാണ്.