localtop news

ടി. സുകുമാരന്‍ അന്തരിച്ചു

ജനസംഘത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളാണ്.

കോഴിക്കോട്: നോവലിസ്റ്റും എഴുത്തുകാരനും ബിഎംഎസ് മുന്‍ സംസ്ഥാന സഹ കാര്യദര്‍ശിയുമായ ടി. സുകുമാരന്‍ (86) അന്തരിച്ചു. ഗോവ വിമോചന സമരത്തിലും പങ്കെടുത്തു.   പുതിയങ്ങാടി കോയ റോഡ് ബീച്ചിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം.
തച്ചമ്പലത്ത് ഉണിച്ചോയി- കല്യാണി ദമ്പതിമാരുടെ മകനായാണ് സുകുമാരന്‍ ജനിച്ചത്. ചെറുവണ്ണൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ നിന്ന് ഇഎസ്എല്‍സി നേടി. മാതൃഭൂമി പ്രസ്സിലെ ജോലിക്ക് ശേഷം ചെറുവണ്ണൂരിലെ ഹിന്ദുസ്ഥാന്‍ ടൈല്‍സില്‍ തൊഴിലാളിയായി.
മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ എഴുതിയ ബലിമൃഗങ്ങള്‍, ഭാരത വിഭജനത്തെ ആസ്പദമാക്കി എഴുതിയ രസിക്കാത്ത സത്യങ്ങള്‍ എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു. ചൈനീസ് ആക്രമണവുമായി ബന്ധപ്പെട്ട് എഴുതിയ ഹിമവാന്റെ മക്കള്‍, അടിയന്തരാവസ്ഥയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന തളരാത്ത യാഗാശ്വങ്ങള്‍, പട്ടാളക്കാരന്റെ ജീവിതം പകര്‍ത്തിയ വയറിനു വേണ്ടി, ആത്മീയ നോവലായ ജന്മദുഃഖം എന്നീ നോവലുകളും നിരവധി ചെറുകഥകളും എഴുതി.
പതിനഞ്ചാമത്തെ വയസ്സില്‍ ചെറുവണ്ണൂരില്‍ ആര്‍എസ്എസ് ശാഖയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം ജനസംഘത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളാണ്. അടല്‍ ബിഹാരി വാജ്പേയ്, എല്‍.കെ. അദ്വാനി, ദത്തോപാന്ത് ഠേംഗ്ഡി,  പി. പരമേശ്വരന്‍ തുടങ്ങി അക്കാലത്തെ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
നാണിക്കുട്ടിയാണ് ഭാര്യ. മക്കള്‍: ശ്യാംപ്രസാദ്, വിദ്യാസാഗര്‍, ദേവരാജ്, ലതിക, രാധിക, രേണുക (ബ്രഹ്മചാരിണി, മാതാഅമൃതാനന്ദമയി മഠം). മരുമക്കള്‍: മിറ, ഇന്ദിര. സുധീര്‍, രാജന്‍. സഹോദരങ്ങള്‍: രുദ്രാണി, ഗിരിജ, പരേതരായ നാരായണന്‍, ശേഖരന്‍, പ്രഭാകരന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close