localtop news

കെ.എം ബഷീര്‍ ആവശ്യപ്പെടുന്നത് നീതി: കെ.ഇ.എന്‍

നൈതിക ധീരത പുലര്‍ത്തിയ മാധ്യമപ്രവര്‍ത്തകനായ ബഷീറിന്റെ അനുസ്മരണം നീതിക്കുവേണ്ടിയുള്ള പോരാട്ടമായി പരിണമിക്കണമെന്നും കെ.ഇ.എന്‍

കോഴിക്കോട്:  തൊഴില്‍ നിര്‍വഹിക്കാനുള്ള യാത്രക്കിടയില്‍ അധികാരപ്രമത്തതയാല്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന് നീതി ലഭിക്കണമെന്ന്
കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. ബഷീര്‍ ആവശ്യപ്പെടുന്നത് നീതിയാണ്.
 നീതി കൊല്ലപ്പെടാനോ നാടുകടത്തപ്പെടാനോ നിശബ്ദമാക്കപ്പെടാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീറിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ കേരളപത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.എം ബഷീര്‍ അനുസ്മരണചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു കെ.ഇ.എന്‍.
നീതിയുടെ കഴുത്ത് മുറുക്കാനാണ് അധികാരശക്തികള്‍ ശ്രമിക്കുന്നത്. എവിടെയൊക്കെയോ നീതി ഉള്ളതുകൊണ്ടാണ് അനീതിയുടെ പേമാരിക്കാലത്തും നാം ജീവിച്ചുപോകുന്നത്. ആ നീതി നടപ്പാവുകയാണ് വേണ്ടത്. ഏത് തൊഴിലിനെ സംബന്ധിച്ചും നീതി പ്രധാനമാണ്. എന്നാല്‍ ഏത് പാതാളക്കുഴിയില്‍ പോയി ഒളിച്ചാലും ആ സത്യത്തെ സാഹസികമായി പിന്തുടര്‍ന്ന് കണ്ടെത്തുക എന്ന അപകടം പിടിച്ച തൊഴില്‍ ചെയ്യുവന്ന മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് അത് പ്രധാനമാണ്. നൈതിക ധീരത പുലര്‍ത്തിയ മാധ്യമപ്രവര്‍ത്തകനായ ബഷീറിന്റെ അനുസ്മരണം നീതിക്കുവേണ്ടിയുള്ള പോരാട്ടമായി പരിണമിക്കണമെന്നും കെ.ഇ.എന്‍ കൂട്ടിച്ചേര്‍ത്തു.
നടക്കാവിലെ സിറാജ് ഓഫിസില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. സിറാജ് മാനേജിങ് എഡിറ്റര്‍ എന്‍. അലി അബ്ദുല്ല, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി കുട്ടന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി.കെ അബ്ദുല്‍ഗഫൂര്‍, സംസ്ഥാന  മീഡിയ അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം ദീപക് ധര്‍മടം, കെ.യു.ഡബ്ല്യു.ജെ ജില്ലാ ട്രഷറര്‍ ഇ.പി മുഹമ്മദ് സംസാരിച്ചു. കെ.യു.ഡബ്ല്യു.ജെ  ജില്ലാ സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും സിറാജ് സെല്‍   പ്രസിഡന്റ് എം.വി ഫിറോസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close