KERALAPoliticstop news

ലൈഫ് ഭവന പദ്ധതി: അപേക്ഷാ സമര്‍പ്പണത്തിനുള്ള തിയ്യതി നീട്ടണം: പി.കെ. ഫിറോസ്

പ്രതികൂല കാലാവസ്ഥ ഉൾപ്പെടെയുള്ള നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഈ സമയ പരിധി അപര്യാപ്തമാണ്.

കോഴിക്കോട്: ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷാ സമര്‍പ്പണത്തിനുള്ള തിയ്യതി ഒരു മാസത്തേക്ക് കൂടി നീട്ടണമെന്നും അപേക്ഷാ സമര്‍പ്പണത്തിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഈ മാസം 1-ാം തിയ്യതി മുതല്‍ 14-ാം തിയ്യതി വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രതികൂല കാലാവസ്ഥ ഉൾപ്പെടെയുള്ള നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഈ സമയ പരിധി അപര്യാപ്തമാണ്. കാരണം അപേക്ഷാ സമര്‍പ്പണത്തിന് നിരവധി രേഖകള്‍ വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ സി.ഡി.എസ്., മെഡിക്കല്‍ ബോര്‍ഡ്, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്ന് സംഘടിപ്പിക്കേണ്ടതുണ്ട്. നിരവധി രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതിനാല്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ഇവ നിശ്ചിത സമയത്തിനകം സംഘടിപ്പിക്കാന്‍ കോവിഡ് നിയന്ത്രണങ്ങളുടെയും കാലവര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ സാധ്യമല്ല.

അപേക്ഷാ സമര്‍പ്പമത്തിനുള്ള തിയ്യതി നീട്ടുകയും അപേക്ഷാ സമര്‍പ്പണത്തിന്റെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യാൻ സർക്കാർ തയ്യാറാവണം. വീടില്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങള്‍ രേഖകള്‍ സംഘടിപ്പിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.  രേഖകള്‍ പിന്നീട് സമര്‍പ്പിച്ചാല്‍ മതിയെന്ന തീരുമാനമെടുത്ത് കൊണ്ട് പാവപ്പെട്ട ഭവനരഹിതര്‍ക്ക് അപേക്ഷ സമര്‍പ്പണത്തിനുളള അവസരമൊരുക്കണമെന്നും അപേക്ഷാ സമര്‍പ്പണത്തിനുള്ള തിയ്യതി നീട്ടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close