KERALATechnologytop news

കരിപ്പൂര്‍ വിമാനദുരന്തം: അന്വേഷണ സമിതിയില്‍ വ്യോമ മേഖലയിലെ വിദഗ്ധരില്ല, പരസ്യമായ തെളിവെടുപ്പും സിറ്റിങ്ങും മൊഴിയെടുക്കലും ഉണ്ടാകില്ല! ഇതെന്ത് അന്വേഷണം!!

ഇന്ത്യയിലെ വിമാനാപകട അന്വേഷണം ഇനിയൊരിക്കലും മുമ്പത്തെ പോലെ ആയിരിക്കില്ല. 2012 ല്‍ വരുത്തിയ മാറ്റങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തില്‍ എങ്ങനെ അപകട കാരണം വെളിവാകും. വ്യോമഗതാഗത മേഖലയിലെ വിദഗ്ധരും വിമാനത്താവള മേഖലയിലുള്ളവരും ഇല്ലാത്ത സമിതിയാണ് അന്വേഷണ സംഘത്തിലുള്ളത്. ഇത് സംബന്ധിച്ച് ജേക്കബ് കെ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.മനോരമയില്‍ മുന്‍ പത്രാധിപ സമിതി അംഗമായ ജേക്കബ് കെ ഫിലിപ് സിവില്‍ എഞ്ചിനീയറിംഗ് ബിരുദാന്തര ബിരുദ ധാരിയും ഏവിയേഷന്‍ കണ്‍സ്ട്രക്ഷനില്‍ പരിശീലനം ലഭിച്ച വ്യക്തിയുമാണ്.

ജേക്കബ് കെ ഫിലിപിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

ഇന്ത്യയിലെ വിമാനാപകട അന്വേഷണങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ല്, വഴിത്തിരിവ് എന്നൊക്കെ ഇനിയുള്ള കാലം പത്രക്കാരും ചാനലുകാര്‍ക്കും പറയാന്‍ പറ്റുന്ന അന്വേഷണമായിരിക്കും കോഴിക്കോട്ടെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനാപകടത്തിന്റെ കാര്യത്തില്‍ നടക്കാന്‍ പോകുന്നത്.
2010 ലെ മംഗലാപുരം അപകടം വരെ, രാജ്യത്തെ എല്ലാ പ്രധാന വിമാനാപകടങ്ങളും അന്വേഷിച്ചിരുന്നത്, അതിനായി മാത്രം രൂപീകരിച്ചിരുന്ന കോര്‍ട്ട് ഓഫ് എന്‍ക്വയറി എന്ന സമിതികളായിരുന്നു.
ഒരു അധ്യക്ഷനും നാലഞ്ച് അംഗങ്ങളും പിന്നെയൊരു സെക്രട്ടറിയുമുള്ള ഈ കോര്‍ട്ടിന്റെ (ഒരുപാട് അധികാരങ്ങളും പത്രാസുമൊക്കെയുള്ള, ശരിക്കുമൊരു കോടതി തന്നെയായിരുന്നു ഈ സമിതികള്‍) അന്വേഷണത്തിന്റെ ഭാഗമായി, അപകടം നടന്ന സ്ഥലത്തും പിന്നെ ഡല്‍ഹിയിലും നടത്തുന്ന പരസ്യമായ മൊഴിയെടുക്കലുമുണ്ടാകും. ആര്‍ക്കും പോയി മൊഴിയും തെളിവുമൊക്കെ കൊടുക്കാം.
വ്യോമസേനയുടെ ഉപമേധാവിയായിരുന്ന എയര്‍ മാരഷല്‍ ബിഎന്‍ ഗോഖലെ അധ്യക്ഷനായിരുന്ന മംഗലാപുരം അപകട കോര്‍ട്ട് ഓഫ് എന്‍ക്വയറിയില്‍ എയര്‍ലൈന്‍ ഓപ്പറേഷന്‍സ്, വിമാന എന്‍ജിനീയറിങ്, വിമാനത്താവളവ്യോമഗതാഗത നിയന്ത്രണം, ഏവിയേഷന്‍ മെഡിസിന്‍ എന്നീ മേഖലകളില്‍ നിന്ന് ഓരോരുത്തരും, പിന്നെ ഡിജിസിഎയുടെ പ്രതിനിധിയും ്അംഗങ്ങളായുമുണ്ടായിരുന്നു.
ഒറ്റനോട്ടത്തില്‍ നല്ല ഒന്നാന്തരമൊരു സമീകൃത സമിതി. പക്ഷേ, ഇന്ത്യയിലെ വിമാനാപകട അന്വേഷണങ്ങളുടെ ചരിത്രത്തില്‍ ഇത്രമാത്രം വികലമായ, ചട്ടലംഘനങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്ന അന്വേഷണം വേറയുണ്ടായിട്ടുമില്ല എന്നു പറയാം. അവസാനം എഴുതിത്തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടുും ആ ശരികേടുകളുടെ ആകെത്തുകയായിരുന്നു.
എന്തായാലും, 2012 ജൂലൈ 30 ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഒരു ഉത്തരവ് ഇന്ത്യയിലെ വിമാനാപകട കോര്‍ട്ട് ഓഫ് എന്‍ക്വയറികളുടെ അന്ത്യം കുറിച്ചു.
പകരം രംഗപ്രവേശം ചെയ്തത് അമേരിക്കയുടെ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ (എന്‍ടിഎസ്ബി) മാതൃകയിലുള്ള എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയായിരുന്നു(എഎഐബി).
സ്ഥിരം അംഗങ്ങളും മേധാവികളും ഉപമേധവികളുമൊക്കെയുള്ള പക്കാ സ്ഥാപനം. രാജ്യാന്തര വ്യോമഗതാഗത സംഘടന എന്ന ഇക്കാവോയുടെ നിബന്ധനകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥമായ രാജ്യമെന്ന നിലയില്‍, ഇക്കാവോ ചട്ടമനുസരിച്ച് എട്ടുകൊല്ലം മുമ്പുണ്ടായിക്കിയ ഈ ബ്യറോയ്ക്ക് അന്വേഷിക്കാന്‍ കിട്ടുന്ന ആദ്യത്തെ വന്‍അപകടമാണ് കോഴിക്കോട്ടേത്.
അന്വേഷണച്ചുമതല കോര്‍ട്ടിനു പകരം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്കാകുമ്പോള്‍ അപകടാന്വേഷണത്തില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ പലതാണ്.
അതില്‍ എടുത്തു പറയാവുന്നത് ഇവയും

1. പരസ്യമായ തെളിവെടുപ്പും സിറ്റിങ്ങും മൊഴിയെടുക്കലും ഉണ്ടാവില്ല.
അപകടത്തിന്റെ ദൃക്‌സാക്ഷികളില്‍ നിന്നും ഈ മേഖലയിലെ വിദഗ്ധരില്‍ നിന്നും അന്വേഷകര്‍ക്ക് സഹായകമായ എന്തെങ്കിലും കിട്ടാനുള്ള സാധ്യത ഇല്ലാതെയാകുന്നു എന്നാണര്‍ഥം.

2. പത്തുദിവസത്തിനകം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കൊടുക്കണമായിരുന്നു, കോര്‍ട്ട് ഓഫ് എന്‍ക്വയറികള്‍ക്ക്. എഎഐബിക്ക് അങ്ങിനെയൊരു ചട്ടമോ നിബന്ധനയോ ഇല്ല.
ഫലത്തില്‍, പ്രിലിമിനറി റിപ്പോര്‍ട്ട് എന്നൊരു കാര്യം പുറത്തുവരാന്‍ സാധ്യതയില്ല.
അപകടത്തില്‍പ്പെട്ട അതേ ഇനം വിമാനം അപകടശേഷവും പറത്തിക്കൊണ്ടിരിക്കുന്നവര്‍ക്കും, അതേ സാഹചര്യങ്ങളില്‍ അതേ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തുടര്‍ന്നും ഇറക്കുന്നവര്‍ക്കും സഹായകരമായ മുന്നറിയിപ്പാകുമെന്നതിനാല്‍, എല്ലാ രാജ്യങ്ങളും പ്രിലിമിനറി റിപ്പോര്‍ട്ട് കഴിയുന്നത്ര നേരത്തേ തയ്യാറാക്കുകയും അത് പരസ്യമാക്കുകയുമാണ് ചെയ്യാറുള്ളത്.
മൂന്നാമതൊരു കാര്യം കൂടിയുണ്ട്.

3. ബ്ലാക് ബോക്‌സുകളിലൊന്നായ കോക്പിറ്റ് വോയ്‌സ് റിക്കോര്‍ഡര്‍ എന്ന സിവിആറിലെന്താണുള്ളതെന്ന് പരസ്യമാക്കരുതെന്ന നിബന്ധന പണ്ടേയുണ്ടായിരുന്നെങ്കിലും പത്രക്കാരെ വിളിച്ചുവരുത്തിയും അല്ലാതെയും ടേപ്പിലുള്ളതെന്താണെന്ന് പറഞ്ഞുകൊടുക്കുന്നത് കോര്‍ട്ട് ഓഫ് എന്‍ക്വയറികളുടെ എക്കാലത്തെയും ആചാരമായിരുന്നു സിവിആര്‍ ട്രാന്‍സ്‌ക്രിപ്റ്റ് കിട്ടുന്നപാടെ അച്ചടിച്ച് പ്രസ് റിലീസായി വിതരണം ചെയ്യുന്ന അമേരിക്കയുടെ എന്‍ടിഎസ്ബിയുടെയത്ര കൃത്യനിഷ്ഠ പാലിക്കാറില്ലായിരുന്നെങ്കിലും. എന്നാല്‍, മാധ്യമങ്ങളുടെ ആ ആഘോഷ സാധ്യതയും എഎഐബി മുളയിലേ നുള്ളുന്ന ലക്ഷണമാണ് കാണുന്നത്.
കരിപ്പൂരില്‍ റണ്‍വേയുടെ അറ്റത്തു നിന്ന് താഴേക്കു വീണ് എയര്‍ഇന്ത്യാഎക്‌സ്പ്രസ് ഫഌ് നമ്പര്‍ 1344 തകരുന്നതു വരെ ക്യാപ്റ്റനും കോപൈലറ്റും ആ യാത്രയില്‍ തമ്മില്‍ ് പറഞ്ഞിരുന്നതെന്തായിരുന്നുവെന്ന് നമ്മളാരും അടുത്ത കാലത്തൊന്നും അറിയാന്‍ പോകുന്നില്ല എന്നു വേണം കരുതാന്‍.
നടക്കാനിരിക്കുന്ന അന്വേഷണത്തെപ്പറ്റി ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.
അഞ്ചംഗ അന്വേഷണ സമിതിയില്‍ വിമാനത്താവള, വ്യോമഗതാഗത നിയന്ത്രണ മേഖലയില്‍ നിന്നുള്ള ആരുമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close