KERALAlocaltop news

മഹാമാരിക്കിടയിലും കെ.എസ്.ആര്‍.ടി.സി നടത്തിയത്  മികച്ച സേവനം- മന്ത്രി എ.കെ ശശീന്ദ്രന്‍

ജീവനക്കാര്‍ വിശ്രമിക്കാന്‍ എ.സി  സ്ലീപ്പര്‍ ബസ് ഒരുങ്ങി

കോഴിക്കോട് : കൊവിഡ് മഹാമാരിക്കിടയിലും യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ മികച്ച സേവനങ്ങളാണ് കെ.എസ്.ആര്‍.ടി.സി നടത്തിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി തയ്യാറാക്കിയ എ.സി സ്ലീപ്പര്‍ ബസിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലുമെത്തുന്ന പ്രവാസികളടക്കമുള്ളവരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിനും നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനുകളിലെത്തിക്കുന്നതിനും കെ.എസ്.ആര്‍.ടി.സി മികച്ച സേവനമാണ് നടത്തിയത്.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലുമെത്തുന്നവരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിന് ഇവിടങ്ങളില്‍ മണിക്കൂറുകളോളമാണ് ബസ് ജീവനക്കാര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത്. യാത്രക്കാരെ കാത്തിരിക്കുന്ന ജീവനക്കാര്‍ക്ക് വിശ്രമിക്കാനോ അവശ്യകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ ഇവിടെ പ്രത്യേക സൗകര്യങ്ങളില്ല. ഇതേതുടര്‍ന്ന് അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്ക് വിശ്രമിക്കാനും അവശ്യകാര്യങ്ങള്‍ ചെയ്യാനുമുള്ള സൗകര്യമൊരുക്കുന്നതിനുള്ള ആശയം എം.ഡി മുന്നോട്ട് വച്ചത്. ഇതിന്റെ ഭാഗമായാണ് വിമാനത്താവളത്തില്‍ ഒരു എ.സി സ്ലീപ്പര്‍ സ്‌പെഷല്‍ ബസ് ജീവനക്കാരുടെ വിശ്രമത്തിനായി വിമാനത്താവളത്തില്‍ ഉണ്ടാകണമെന്ന് തീരുമാനിച്ചത.് അത്യാധുനിക സൗകര്യത്തോടെയുള്ള ബസുകള്‍ നിര്‍മ്മിച്ചത് കെ.എസ്.ആര്‍.ടി.സിയുടെ തന്നെ വര്‍ക്ഷോപ്പുകളിലാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ആദ്യത്തെ ബസ് എത്തിക്കുന്നത്. അടുത്ത ദിവസം തന്നെ നെടുമ്പാശ്ശേരിയിലും ഓണത്തിന് മുമ്പായി തിരുവനന്തപുരത്തും ഈ സൗകര്യം ഏര്‍പ്പെടുത്തും.
ജീവനക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ നൂതന സംരംഭം. പൊതുജനങ്ങളുടെ ആവശ്യം നിര്‍വഹിക്കുന്നതോടൊപ്പം ജീവനക്കാരുടെ സൗകര്യവും വര്‍ധിപ്പിക്കേണ്ടതുണ്ട്. ജീവനക്കാരുടെ ഒപ്പം നിന്നിട്ടുള്ള സര്‍ക്കാര്‍ ഇനിയും ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
16 പേര്‍ക്ക് വിശ്രമിക്കാന്‍ ടു ടയര്‍ മാതൃകയില്‍ കുഷ്യന്‍ ബെര്‍ത്തുകള്‍, ഒരേ സമയം നാലുപേര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന മടക്കി വയ്ക്കാവുന്ന മേശ, നാലുപേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ഇരിപ്പിടങ്ങള്‍,16 ലോക്കറുകള്‍, തണുപ്പേറ്റാന്‍ എസിയും ഫാനും. 325 ലിറ്റര്‍ വാട്ടര്‍ ടാങ്ക്. മാലിന്യം നിക്ഷേപിക്കാനിടം, മലിനജലം സംഭരിക്കാനും സംവിധാനം. മൊബൈല്‍ ചാര്‍ജിംഗ് സൗകര്യവും സെന്‍സര്‍ടൈപ്പ് സാനിടൈസിംഗ് മെഷീന്‍, ബര്‍ത്തുകളെ വേര്‍തിരിച്ചും ബസിനകം മനോഹരമാക്കിയുമുള്ള കര്‍ട്ടനുകള്‍, ബസിന്റെ ഇരുവശത്തുകൂടിയും നടന്നുപോകാന്‍ ആവശ്യമായ വഴികള്‍ എന്നിവയാണ് സ്ലീപ്പര്‍ ബസിന്റെ സവിശേഷതകള്‍.
ചടങ്ങില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ആര്‍.ടി.സി എം.ഡി ബിജുപ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തി. വടക്കന്‍ മേഖല എക്സി.ഡയരക്ടര്‍ സി.വി രാജേന്ദ്രന്‍, വര്‍ക്സ് മാനേജര്‍ ഇന്‍ചാര്‍ജ് ഗിരീഷ് പവിത്രാലയം, സോണല്‍ ട്രാഫിക്ക് ഓഫീസര്‍ ജോഷി ജോണ്‍, അസി.വര്‍ക്സ് മാനേജര്‍ സഫറുള്ള എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close