Healthlocal

ജനനി കേന്ദ്രം പുതിയ കെട്ടിടത്തിന് ശിലയിട്ടു

കോഴിക്കോട് :എരഞ്ഞിക്കൽ ജില്ലാ ഹോമിയോ ആശുപത്രിയിൽ സ്ഥാപിക്കുന്ന ജനനി കേന്ദ്രത്തിന്റെ ശിലാസ്ഥാപനം, സീതാലയത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിർവഹിച്ചു. ഇതിനായി ജില്ലാ പഞ്ചായത്ത് ഫണ്ടായ ഒരു കോടി 10 ലക്ഷം രൂപയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീനാ മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ചടങ്ങ് നടത്തിയത്.

വന്ധ്യത നിവാരണത്തിന് ലളിതവും ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങളില്ലാത്തതും സമഗ്രവുമായ ഹോമിയോപ്പതി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ജനനി. ഈ പദ്ധതിയില്‍ ചുരുങ്ങിയ കാലയളവില്‍ ജില്ലയില്‍ 350 സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സാധ്യമാവുകയും 225 കുട്ടികള്‍ ജനിക്കുകയും ചെയ്തു.

നിത്യജീവിതത്തില്‍ സ്ത്രീകള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങള്‍ക്ക് സീതാലയം പരിഹാരം കാണുന്നു.  അവിവിവാഹിതരായ അമ്മമാര്‍, വിവാഹ മോചിതര്‍, മദ്യപാനികളുടെ ഭാര്യമാര്‍, മാനസിക രോഗികള്‍, മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍, മാനസിക പ്രശ്‌നങ്ങളുള്ള കുട്ടികളുടെ അമ്മമാര്‍ തുടങ്ങിയവര്‍ക്കാണ് സീതാലയം വഴി കൗണ്‍സിലിംഗ് ലഭിക്കുക.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ്, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ഹാജറാ കറ്റെട ത്ത്, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ആനി ഉമ്മൻ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ ടി കെ സജീവ്, സീതാലയം കൺവീനർ നൗഫിറ പി കെ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close