Businesstop news

ഓഗസ്റ്റില്‍ 41 ശതമാനം വളര്‍ച്ചയോടെ റെനോ ഇന്ത്യ സ്ഥാനം ശക്തമാക്കി

ന്യൂഡല്‍ഹി: 2020 ഓഗസ്റ്റില്‍ 8060 യൂണിറ്റുകളുടെ വില്‍പ്പനയുമായി റെനോ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 41 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ട്രൈബറിന് ശക്തമായ ഡിമാന്‍ഡ് കാണുന്നുവെന്നും പുതിയതായി അവതരിപ്പിച്ച ക്വിഡ് ശ്രേണിക്കും മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്നും റെനോ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ്-പ്രസിഡന്റ് തോമസ് ഡുബ്ര്യൂവല്‍ പറഞ്ഞു. ഡസ്റ്ററിന്റെ ഈയിടെ അവതരിപ്പിച്ച പെട്രോള്‍ ടര്‍ബോ 1.3 എംടി, സിവിടി പതിപ്പിനും പ്രോല്‍സാഹനജനകമായ സ്വീകരണമാണ് ലഭിക്കുന്നതെന്നും 17 പുതിയ സെയില്‍സ്, സര്‍വീസ് ടച്ച് പോയിന്റുകള്‍ കൂടി ചേര്‍ത്തുകൊണ്ട് ഡീലര്‍ഷിപ്പുകളും വിപുലമാക്കിയെന്നും റെനോയ്ക്ക് ഇതോടെ ഇന്ത്യയില്‍ 390 വില്‍പ്പന കേന്ദ്രങ്ങളും 470ലധികം സര്‍വീസ് സെന്ററുകളുമായെന്നും അദേഹം പറഞ്ഞു.
ട്രൈബര്‍ ഓഗസ്റ്റില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മാന്വലിനും പുതിയതായി അവതരിപ്പിച്ച എഎംടിക്കും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ക്വിഡിന്റെ പുതിയ പതിപ്പുകള്‍ ശ്രേണിയെ കൂടുതല്‍ ആകര്‍ഷകവും താങ്ങാവുന്നതുമാക്കുന്നു. ഈ വിഭാഗത്തില്‍ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച സവിശേഷതകള്‍ റെനോയെ വേറിട്ടു നിര്‍ത്തുന്നു. ഏറ്റവും പുതിയ ഡസ്റ്റര്‍ ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ എസ്‌യുവിയാണ്. എതിരാളികളേക്കാള്‍ കുറഞ്ഞ വിലയും പ്രകടന മികവുമുള്ള ഉല്‍പ്പന്നം.
ക്വിഡ്, ട്രൈബര്‍ എന്നിവയിലെ എഎംടി, ഡസ്റ്റര്‍ ടര്‍ബോയിലെ സിവിടി എന്നിങ്ങനെ ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് ഡിമാന്‍ഡ് ഏറുന്നത് റെനോയ്ക്ക് സഹായമാകുന്നുണ്ട്. ഗ്രാമീണ വിപണികളില്‍ ഡിമാന്‍ഡ് ഏറുകയും അംഗീകാരം ലഭിക്കുകയും ചെയ്യുന്നത് ബ്രാന്‍ഡിന്റെ വര്‍ധിക്കുന്ന പ്രചാരമാണ് സൂചിപ്പിക്കുന്നത്. റെനോ വില്‍പ്പനയിലെ 25 ശതമാനവും ഗ്രാമീണ വില്‍പ്പനയുടെ സംഭാവനയാണ്.
അതൊടൊപ്പം വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നതിനു വേണ്ട തന്ത്രങ്ങള്‍ ഒരുക്കുന്നതിനായി നെറ്റ്‌വര്‍ക്ക് സഹകാരികളുമായും റെനോ നിരന്തരം ബന്ധപ്പെടുന്നുണ്ട്. പുതിയതായി ബുക്ക് ചെയ്യുന്നവര്‍ക്ക് ‘ആദ്യ നാലു മാസത്തേക്ക് ഇഎംഐ വേണ്ട’ എന്ന ഓഫറും റെനോ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. തെരഞ്ഞെടുക്കപ്പെട്ട വിപണികളില്‍ പ്രത്യേക ഉല്‍സവകാല ഓഫറുകളുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close