KERALAtop news

ബാണാസുര സാഗര്‍ അണക്കെട്ടില്‍ കൂട് മത്സ്യകൃഷി പദ്ധതി തുടങ്ങി

കാരാപ്പുഴ അണക്കെട്ടിലും കൂട് മത്സ്യകൃഷി പദ്ധതി ആരംഭിക്കും- മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ

വയനാട് : ജില്ലയിലെ കാരാപ്പുഴ അണക്കെട്ടിലും ഫിഷറീസ് വകുപ്പിന്റെ കൂടു മത്സ്യകൃഷി പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ പറഞ്ഞു. റീ ബില്‍ഡ് കേരളയുടെ ഭാഗമായി ബാണാസുര സാഗര്‍ അണക്കെട്ടില്‍ ആരംഭിച്ച കൂട് മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മത്സ്യോല്‍പാദനത്തില്‍ സമുദ്ര മേഖലയെ മാത്രം ആശ്രയിക്കുന്ന രീതി മാറി ഉള്‍നാടന്‍ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ധാരാളം അണക്കെട്ടുകളും തടാകങ്ങളും മറ്റ് ജലസ്രോതസ്സുകളും ഉണ്ടെങ്കിലും ഇവിടങ്ങളില്‍ ഫലപ്രദമായ മത്സ്യകൃഷിയില്ല. ജലം കൊണ്ട് സമ്പന്നമായ നാം ജലകൃഷിയുടെ കാര്യത്തില്‍ പിന്നിലാണ്. ശുദ്ധജലത്തില്‍ ശാസ്ത്രീയമായ രീതിയില്‍ മത്സ്യകൃഷി നടത്തിയാലേ നമുക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കഴിയൂ. അണക്കെട്ടുകള്‍ വിവിധ വകുപ്പുകളുടെ കൈവശമായതിനാല്‍ എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാനാകുക. ഇക്കാര്യത്തില്‍ വൈദ്യുതി വകുപ്പ് ഉള്‍പ്പെടെ മികച്ച സഹകരണം നല്‍കുന്നതായി മന്ത്രി പറഞ്ഞു.

ജില്ലയിലെ 90 ആദിവാസികള്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാവുകയും അതുവഴി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന മികച്ച പദ്ധതിയാണ് ബാണാസുര സാഗര്‍ അണക്കെട്ടിലെ കൂട് മത്സ്യകൃഷി. ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി, മത്സ്യ സമൃദ്ധി പദ്ധതികളുടെ ഭാഗമായാണ് ബാണാസുര സാഗര്‍ അണക്കെട്ടില്‍ പദ്ധതി നടപ്പാക്കുന്നത്. തദ്ദേശീയ പട്ടികവര്‍ഗ അംഗങ്ങളെ സംഘടിപ്പിച്ചു കൊണ്ടുള്ള പങ്കാളിത്ത പദ്ധതി ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (അഡാക്) വഴിയാണ് നടപ്പാക്കുന്നത്.

3.2 കോടിയുടേതാണ് പദ്ധതി. ജലാശയത്തില്‍ പ്രത്യേകം കൂടുകള്‍ സ്ഥാപിച്ച് അതില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളര്‍ത്തുന്നതാണ് രീതി. ബാണാസുര സാഗര്‍ പട്ടിക വര്‍ഗ മത്സ്യത്തൊഴിലാളി റിസര്‍വോയര്‍ സഹകരണ സംഘത്തിലെ അംഗങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. അംഗങ്ങളെ 10 പേര്‍ വീതമുളള ഒമ്പത് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ഗ്രൂപ്പിന് 6*4*4 സൈസിലുളള 10 കൂടുകള്‍ വീതം ആകെ 90 കൂടുകളാണ് നല്‍കുന്നത്. ഒരു കൂട്ടില്‍ 3840 മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്താനാകും. ഇത്തരത്തില്‍ ആകെ 3,45,600 മത്സ്യകുഞ്ഞുങ്ങളെയാണ് ഫിഷറീസ് വകുപ്പ് വിവിധ ഘട്ടങ്ങളാലായി നിക്ഷേപിക്കുന്നത്. ഗിഫ്റ്റ് തിലാപ്പിയ ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് ആദ്യഘട്ടത്തില്‍ നിക്ഷേപിക്കുന്നത്. വര്‍ഷത്തില്‍ രണ്ട് തവണ വിളവെടുപ്പ് നടത്താനാകും. വര്‍ഷം 1.35 ലക്ഷം കിലോഗ്രാം അധിക മത്സ്യോദ്പാദനമാണ് ലക്ഷ്യമിടുന്നത്. കൂടൊന്നിന് 3 ലക്ഷം പ്രകാരം 2.7 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.

അണക്കെട്ട് പരിസരത്തെ കുറ്റിയാംവയലില്‍ നടന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി നൗഷാദ് എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് ഡയറക്ടര്‍ എം.ജി രാജമാണിക്യം സ്വാഗതവും അഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നന്ദിയും പറഞ്ഞു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി്, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ജിന്‍സി സണ്ണി, പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ചാന്ദിനി ഷാജി, റിസര്‍ച്ച് ആന്‍ഡ് ഡാം സേഫ്റ്റി സബ്ഡിവിഷന്‍ ഇ.ഇ ശ്രീധരന്‍ കെ., എ.എക്‌സി. മനോഹരന്‍ പി., ഫിഷറീസ് ജോ. ഡയറക്ടര്‍ ബി.കെ. സുധീര്‍ കിഷന്‍, അസി. ഡയറക്ടര്‍ ചിത്ര എം. എന്നിവര്‍ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിനു ശേഷം അണക്കെട്ടിലെ കൂടുകൃഷി പദ്ധതി പ്രദേശത്ത് ബോട്ടിലെത്തിയ എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close