കോഴിക്കോട്: സ്വര്‍ണകടത്ത് തടയാന്‍ ശ്രമിച്ച ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ വാഹനം തന്റേതല്ലെന്നും അത് കഴിഞ്ഞമാസം താന്‍ വിറ്റതാണെന്നും തോട്ടുമുക്കം പനംപ്ലാവ് സ്വദേശിനി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണിപ്പോള്‍. ശുചീകരണ തൊഴിലാളികള്‍ വഴി കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തെത്തിച്ച് ഇന്നോവയില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടുന്നതിനിടെയാണ് കോഴിക്കോട് നിന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് ബൈക്കിലും കാറിലും എത്തിയ ആറംഗ ഡി.ആര്‍.ഐ സംഘത്തെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്.
ഈ ഇന്നോവ പനംപ്ലാവ് സ്വദേശിനിയുടെ പേരിലുള്ളതാണ്. എന്നാല്‍ കാറിന്റെ ഉടമ നിലവില്‍ താനല്ലെന്നും 23.8.2020ന് വാഹനം വിറ്റതാണെന്നും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് കാര്‍ ഇപ്പോഴും തന്റെ പേരില്‍തന്നെ ഉള്ളതെന്നും ഇവര്‍ പറഞ്ഞു. മലപ്പുറം ജില്ലാ യൂസ്ഡ് വൈക്കിള്‍ ഡീലേഴ്‌സ് ബ്രോക്കേഴ്‌സ് അസോസിയേഷനിലെ ഒരംഗം ഇടനിലക്കാരനായിട്ടായിരുന്നു വാഹനത്തിന്റെ വില്‍പ്പനയെന്നും അസോസിയേഷന്റെ കരാര്‍ പത്രിക തന്റെ കൈവശമുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. ഡി.ആര്‍.ഐ സംഘം പിടികൂടിയ നിസാറിന് ഇടനിലക്കാരന്‍ മുഖേന വിറ്റ വാഹനത്തിന്റെ പേര് മാറ്റല്‍ ഉള്‍പ്പെടെയുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ കോവിഡ് പ്രോട്ടോക്കോള്‍ മൂലം പൂര്‍ത്തിയായിട്ടില്ലെന്നാണ് സൂചന.
അതിനാല്‍ ബൈക്കില്‍ സഞ്ചരിച്ച ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിച്ച് വധിക്കാന്‍ ശ്രമിച്ച കാറിന്റെ ഉടമ രേഖയില്‍ ഇവരാണ്. സംഭവത്തെ തുടര്‍ന്ന് താന്‍ നാട്ടുകാര്‍ക്കിടയില്‍ അപമാനിതയായെന്നും പൊലിസ് അന്വേഷിച്ച് വന്നപ്പോഴാണ് സംഭവം അറിയുന്നതെന്നും വധശ്രമത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന കാറിന്റെ ഉടമയായി മാധ്യമങ്ങള്‍ തന്നെ ചിത്രീകരിച്ചതായും ഇവര്‍ പറഞ്ഞു.
്#ചിത്രം: പ്രതീകാത്മകം