കോഴിക്കോട്: കൃസ്ത്യൻ പള്ളികളിൽ വിശുദ്ധകുർബാന തുടങ്ങി തിരുകർമ്മങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ൽ നിന്ന് 40 ആക്കി വർധിപ്പിച്ചേക്കും. കോവിഡ് സുരക്ഷയുടെ ഭാഗമായി ജില്ലയിലെ കൃസ്ത്യൻ ദേവാലയങ്ങളിൽ തിരുകർമ്മങ്ങളിൽ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന് ജില്ലാ കളക്ടർ എ. സാംബശിവറാവു നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ മുസ്ലിം പള്ളികളിൽ ഇത് 40 ആക്കി വർധിപ്പിച്ചിട്ടുണ്ട്. ജുമ നമസ്ക്കാരം നടത്താൻ ഏറ്റവും കുറഞ്ഞത് 40 പേർ വേണമെന്ന മത നേതാക്കളുടെ അഭ്യർത്ഥന പ്രകാരമാണ് അനുമതി നൽകിയത്. കുർബാനയിൽ പങ്കെടുക്കാനാവാതെ നിരവധി വിശ്വാസികൾ അസ്വസ്ഥത പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ 40 പേരെ അനുവദിക്കണമെന്ന് കൃസ്ത്യൻ വിഭാഗത്തിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. ജില്ലാ കളക്ടറുമായി സംസാരിച്ച് നാളെ വെള്ളിയാഴ്ച്ച ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ ” ഇ ന്യൂസ് മലയാള ” ത്തോട് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് ദേവാലയങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കുന്നത്. സാമൂഹിക അകലം കൃത്യമായി പാലിക്കുന്നതിനൊപ്പം സാനിറ്റൈസർ ദേവാലയ കവാടങ്ങളിൽ സജ്ജീകരിച്ചും, പങ്കെടുക്കുന്നവരുടെ പേരും ഫോൺ നമ്പറും രജിസ്റ്ററിൽ എഴുതിയുമാണ് പ്രോട്ടോക്കോൾ പാലിക്കുന്നത്.