KERALAlocaltop news

കാക്ക രഞ്ജിത്ത് മുപ്പതോളം കേസ്സുകളിലെ പ്രതി

കോഴിക്കോട്​: കഴിഞ്ഞ ദിവസം വിതുരയിൽ അറസ്​റ്റിലായ കാക്ക രഞ്​ജിത്ത്​ കള്ളക്കടത്ത്​, സ്വർണം കവരൽ, ഹവാല, കുഴല്‍പ്പണകടത്ത്, ഭീഷണിപ്പെടുത്തി പണം അപഹരിക്കല്‍, വധശ്രമം എന്നിങ്ങനെ മുപ്പതോളം കേസുകളിലെ പ്രതിയാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ​ഒളവണ്ണ മംഗലോളി വീട്ടില്‍ രഞ്ജിത്ത് ജാമ്യത്തിലിറങ്ങി വിവിധയിടങ്ങളിൽ ഒളിവില്‍ കഴിയുകയായിരുന്നു. കല്ലാറിനടുത്തള്ള റിസോർട്ടിൽ നിന്ന്​ വിതുര പൊലീസാണ്​ രഞ്ജിത്തിനെയും കൂട്ടാളികളെയും അറസ്​റ്റുചെയ്​തത്​. പിടിയിലായ ഉടൻ കേഴിക്കോട്​ ഡി.സി.പി എസ്​. സുജിത്ത്​ദാസിന്റ നിർദ്ദേശപ്രകാരമാണ് ​ കോഴിക്കോട്ടെത്തിച്ചത്​. ഇയാളെ പൊലീസ്​ കസ്​റ്റഡിയിൽവാങ്ങി ചോദ്യം ചെയ്യുന്നതോ​ടെ നിരവധി കേസുകളുടെ അന്വേഷണത്തിൽ വഴിത്തിരിവുണ്ടാകുമെന്നാണ്​ പ്രതീക്ഷ. പ്രവാസിയെ തടഞ്ഞ്​ മൂന്നരക്കിലോ കള്ളക്കടത്ത്​ സ്വർണം കവരാൻ ടി.പി. ചന്ദ്രശേരഖൻ വധക്കേസ്​ പ്രതി കൊടി സുനി ജയിലിൽ ഗൂഡാലോചന നടത്തിയ കേസിലുൾപ്പെടെ പ്രധാനിയാണ്​ കാക്ക രഞ്​ജിത്ത്​. ജാമ്യത്തിലിറങ്ങി മുങ്ങിയതിനാൽ ഈ കേസിലടക്കം അന്വേഷണം നിലച്ച അവസ്ഥയായിരുന്നു.
2017 ജൂലൈ 16ന്​ രാവിലെ കരിപ്പൂരിൽ നിന്നും കാറിൽ നാട്ടിലേക്ക്​ മടങ്ങുകയായിരുന്ന പ്രവാസി തലശ്ശേരി ചൊക്ലി സ്വദേശി ഇസ്​മയിലി​നെ മോഡേൺ ബസാറിൽ തടഞ്ഞാണ്​ കള്ളക്കടത്ത്​ സ്വർണമടങ്ങിയ ബാഗ്​ കവർന്നത്​. കേസിൽ പന്തീരാങ്കാവിലെ ദിൽഷാദ്​, കൊടൽ നടക്കാവിലെ അതുൽ, ചക്കുംകടവിലെ റാസിക്​ എന്നിവരാണ്​ രഞ്​ജിത്തി​ന്റെ പങ്ക്​ വ്യക്​തമാക്കിയത്​. കൊല്ലം സ്വദേശി രാജേഷ്​ ഖന്നക്ക്​ 80 ലക്ഷം രൂപക്ക്​ സ്വർണം വിറ്റെന്നായിരുന്നു രഞ്​ജിത്തി​ന്റെ മൊഴി.
വൻ കവർച്ചകൾ നടത്തി ഇതര സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയാണ്​ ഇയാളുടെ രീതി. ​മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി പൊലീസ്​ പിന്നാലെ വരുമെന്നത്​ മുൻനിർത്തി ഫോൺ ഫുൾചാർജാക്കി അന്തർ സംസ്​ഥാന സർവീസ്​ നടത്തുന്ന ലോറികളുടെ കാബിനുമുകളിൽ ഉപേക്ഷിച്ച്​ പൊലീസി​നെ വട്ടം കറക്കുകയായിരുന്നു രീതി. മോഹൻലാൽ നായകനായ ദൃശ്യം സിനിമയിൽ ഇത് അനുകരിച്ചിട്ടുണ്ട് .രഞ്​ജിത്തിന്​ അകമ്പടി നിന്ന ഗുണ്ട സംഘത്തിലെ കിണാശേരി പീടിയേക്കല്‍ ഫൈജാസ്, പന്തീരാങ്കാവ് പൂളേക്കര നിജാസ്, പെരുവയല്‍ കൊളാപറമ്പ് രജീഷ്, കിണാശേരി കാവുങ്ങൽ മനോജ് എന്നിവരും അറസ്​റ്റിലായിട്ടുണ്ട്​. കുഴല്‍പണം പിടിച്ചുപറിച്ചതിന് ടൗണ്‍പോലീസിലും ദേഹോപദ്രവം ഏല്‍പ്പിച്ചതിന് മെഡിക്കല്‍കോളജിലും കണ്ണിൽ മുളകുപൊടിയെറിഞ്ഞ്​ ഒന്നരകിലോ സ്വര്‍ണം കടത്തിയതിന് കുന്ദമംഗലത്തും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നതിന് നടക്കാവ് സ്‌റ്റേഷനിലും കള്ളക്കടത്ത്​ സ്വർണം അപഹരിച്ചതിന്​ നല്ലളത്തും കേസുണ്ട്. ഇതിന് പുറമേ വധശ്രമത്തിന് കണ്ണൂര്‍ കൂത്തുപറമ്പിലും കോയമ്പത്തൂര്‍ സ്‌റ്റേഷനിലും കേസുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close