- കോഴിക്കോട്: ആറ് മാസത്തെ ഇടവേളക്ക് ശേഷം പ്രധാന മുസ്ലിം പള്ളികളിൽ ഇന്ന് ജുമുഅ നമസ്കാരം പുനരാരംഭിച്ചു. സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും എല്ലാ നിർദ്ദേശങ്ങളും പാലിച്ച് കൊണ്ടായിരുന്നു നമസ്കാരത്തിന് സൗകര്യമൊരുക്കിയത്. തർമൽ സ്കാനർ ഉപയോഗിച്ച് പരിരോധന നടത്തിയും സാനിറ്റൈസർ ഉപയോഗിച്ച് അംഗശുദ്ധി വരുത്തിയും മാസ്ക് ധരിച്ചുമാണ് ഭക്തജനങ്ങൾ പള്ളിയിൽ പ്രവേശിച്ചത്. ഓരോരുത്തരും കൊണ്ട് വന്ന മുസല്ലകൾ രണ്ട് മീറ്റർ അകലത്തിൽ വിരിച്ചാണ് നമസ്കാരം നിർവ്വഹിച്ചത്. മുൻകൂട്ടി പാസ്സ് വാങ്ങിയ പ്രദേശവാസികൾക്ക് മാത്രമായിരുന്നു പ്രവേശനം . പാളയം ജുമാ മസ്ജിദിൽ ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂരും പട്ടാളപ്പള്ളിയിൽ ഡോ. ജമാലുദ്ദീൻ ഫാറൂഖിയും ശാദുലി പള്ളിയിൽ അൻസാർ നന്മണ്ടയും നടക്കാവ് പുതിയ പള്ളിയിൽ സി.കെ. ഉസ്മാൻ മൗലവിയും നേതൃത്വം നൽകി. പള്ളിയിൽ വന്ന മുഴുവൻ ആളുകളുടെയും പേരുവിവരങ്ങളും ഫോൺ നമ്പറുകളും റജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ മറ്റുപള്ളികളിലും നമസ്കാരം ആരംഭിക്കും