കോഴിക്കോട് : സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ഇനിയും ആറു മാസം കൂടി വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് കേരള എയിഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജീവനക്കാരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന ധനകാര്യ വകുപ്പിന്റെ ഏകാധിപത്യപരമായ നീക്കത്തിനെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയുടെയും ധൂര്‍ത്തിന്റെയും ബാധ്യത ജീവനക്കാരുടെ തലയില്‍ കെട്ടിവെക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. കോവിഡ് പശ്ചാത്തലത്തില്‍ ഒരു മാസത്തെ ശമ്പളം നല്‍കി കഴിഞ്ഞ ജീവനക്കാരോട് ജനാധിപത്യവിരുദ്ധമായ സമീപനം സ്വീകരിച്ചാല്‍ ശക്തമായ പ്രതിഷേധ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും.
കഴിഞ്ഞ രണ്ടു വര്‍ഷമായി ക്ഷാമബത്ത പോലും അനുവദിക്കാത്ത സര്‍ക്കാര്‍, ഇപ്പോള്‍ ലീവ് സറണ്ടര്‍ ആനുകൂല്യവും നിഷേധിച്ചിരിക്കുന്നു. പ്രോവിഡണ്ട് ഫണ്ടില്‍ ലയിപ്പിച്ച ശമ്പള പരിഷ്‌കരണ കുടിശ്ശിക പിന്‍വലിക്കാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ കാപട്യവും വഞ്ചനയും മുഖമുദ്രയാക്കിയിരിക്കുകയാണ്.
നിയമവും ധാര്‍മികതയും മറന്ന് പൊതു സമൂഹത്തെ വെല്ലുവിളിച്ചതിന്റെ പേരില്‍ പ്രതിച്ഛായ നഷ്ടമായ സര്‍ക്കാര്‍ , ജീവനക്കാരെ ചൂഷണം ചെയ്ത് വിഭവ സമാഹരണം നടത്താമെന്ന് വ്യാമോഹിക്കരുത്. ശമ്പളം കവര്‍ന്നെടുക്കാനുള്ള തീരുമാനവുമായി ധനകാര്യ മന്ത്രി മുന്നോട്ടു പോയാല്‍ ഹയര്‍ സെക്കന്ററി അധ്യാപകരുടെ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് സംഘടന നേതൃത്വം നല്‍കും.
യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. ജോഷി ആന്റണി, കെ.സിജു, സണ്ണി. എം. , കെ.സി ഫസലുല്‍ ഹഖ് , എന്‍.പി. ജാക്‌സണ്‍, സജി അലക്‌സാണ്ടര്‍ , കെ.കെ. ശ്രീജേഷ് കുമാര്‍, അജിത് കുമാര്‍ .എസ്, ഡോ. ആബിദ പുതുശ്ശേരി, പി.എ ജോസഫ്, ഷാജിമോന്‍.വി.ജെ, ഇ.എം. ദേവസ്യ , ജോണ്‍സണ്‍ ചെറുവള്ളി , ശേഷായന്‍.പി, സാജന്‍ .വി .പി , അഖിലേഷ് പി, സ്മിജു ജേക്കബ്, വിന്‍സെന്റ്, ഡോ. ജയ് മോന്‍ പി. ജേക്കബ്, പ്രമോദ് മാല്യങ്കര , പ്രകാശ് വല്ലപ്പുഴ, ദിനേഷ്, ജോബി .സി .പി എന്നിവര്‍ സംസാരിച്ചു.