INDIAKERALAtop news

കാപ്പാട് ബീച്ച് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക് 

ബീച്ചിൽ 'അയാം സേവിങ് മൈ ബീച്ച്' പതാക ഉയർത്തും 

കോഴിക്കോട് : കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് ലഭിക്കാനുള്ള ചുവടുവെപ്പുകൾ അവസാന ഘട്ടത്തിലേക്ക്.  പരിസ്ഥിതി സൗഹൃദപരവും സുരക്ഷയും പരിസ്ഥിതി ബോധവത്കരണവും ഉയർത്തിപ്പിടിക്കുന്നതും ഭിന്നശേഷി സൗഹൃദപരവുമായ ബീച്ചുകളെയാണ് ബ്ലൂ ഫ്ലാഗിന് വേണ്ടി പരിഗണിക്കുന്നത്.  ഡെൻമാർക്ക്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൌണ്ടേഷൻ ഓഫ്  എൻവയോൺമെന്റൽ  എഡ്യൂക്കേഷൻ നൽകുന്ന ബ്ലൂ ഫ്ലാഗ് സെർറ്റിഫിക്കേഷന് വേണ്ടി ഇന്ത്യയിൽ നിന്നും പരിഗണിച്ച എട്ട് ബീച്ചുകളിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് ചരിത്ര പ്രാധാന്യം അർഹിക്കുന്ന കാപ്പാട് ബീച്ചാണ്.  കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്. ഐ. സി. ഒ. എം   (സൊസൈറ്റി ഓഫ്  ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്മെന്റ്) ആണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന് വേണ്ടി കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഈ പ്രവർത്തിക്കായി കേന്ദ്ര ഗവണ്മെന്റ് എട്ട് കോടിയോളം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
സർട്ടിഫിക്കേഷൻ പ്രഖ്യാപനത്തിനു മുന്നോടിയായി ബ്ലൂ ഫ്ലാഗ് ലഭിക്കുന്നതിനാവശ്യമായ പ്രവർത്തികൾ കാപ്പാട് ബീച്ചിൽ പൂർത്തീകരിച്ചെന്നും ബീച്ചിന്റെ പ്രവർത്തനങ്ങൾ പൂർണമായും പരിസ്ഥിതി സൗഹൃദപരമാണെന്നും ആഹ്വാനം ചെയ്യുന്നതിനായി  ബീച്ചിൽ  ‘അയാം സേവിങ് മൈ ബീച്ച്’ പതാക ഉയർത്തും. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച്  ഇന്ന് (സെപ്റ്റംബർ 18ന് ) വൈകുന്നേരം 3:30ന് പരിപാടി വീഡിയോ കോൺഫറൻസ് മുഖേന  കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് സെക്രട്ടറി ആർ.പി. ഗുപ്ത ഉദ്ഘാടനം ചെയ്യും. കാപ്പാട് ബീച്ചിൽ പതാക ഉയർത്തൽ  കെ. ദാസൻ എം. എൽ. എ  നിർവഹിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് നടക്കുക.
കൊയിലാണ്ടി എം. എൽ. എ ചെയർമാനും ജില്ലാ കലക്ടർ നോഡൽ ഓഫീസറായും ഉള്ള ബീച്ച് മാനേജ്‌മന്റ് കമ്മിറ്റി ആണ് പ്രവർത്തികൾക്ക് നേതൃത്വം നൽകുന്നത്. ഡൽഹി ആസ്ഥാനമായിട്ടുള്ള എ2 ഇസഡ്  ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആണ് നിർമാണ പ്രവർത്തികൾ നടത്തുന്നത്.   പരിസ്ഥിതി സൗഹൃദപരമായ നിർമ്മിതികൾ,   കുളിക്കുന്ന കടൽ വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന്  നിരന്തരമായ പരിശോധന, സുരക്ഷാ മാനദണ്ഡങ്ങൾ, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്കരണം, ഭിന്ന ശേഷി സൗഹൃദമായ പ്രവേശനം തുടങ്ങി 30 ലധികം  മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ബ്ലൂ ഫ്ലാഗ് സർടിഫിക്കേഷൻ ലഭ്യമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close