കോഴിക്കോട്: ഈ വർഷത്തെ മികച്ച യുവസംഗീത പ്രതിഭയ്ക്കുള്ള മുല്ലശ്ശേരി രാജു സംഗീത പുരസ്‌കാരം മുഹമ്മദ് റഫി ഗാനങ്ങളുടെ ആലാപനത്തിലൂടെ രാജ്യമൊട്ടുക്കും ശ്രദ്ധേയനായ സൗരവ് കിഷന്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുരസ്കാരദാന ചടങ്ങും വേദിയും പിന്നീട് പ്രഖ്യാപിക്കുമെന്ന് മുല്ലശ്ശേരി രാജു സുഹൃദ്‌സംഘത്തിന്റെ ഭാരവാഹികളും ചലച്ചിത്ര സംവിധായകരുമായ രഞ്ജിത്തും ജയരാജൂം അറിയിച്ചു.
സംഗീതത്തിനും സൗഹൃദത്തിനും വേണ്ടി ജീവിച്ച മുല്ലശ്ശേരി രാജുവിന്റെ പതിനെട്ടാം ചരമവാർഷിക ദിനമാണ് ഇന്ന്. (സെപ്തംബർ 19) കോഴിക്കോട്ടുകാരനായ ഈ സംഗീത പ്രേമിയുടെ സംഭവബഹുലമായ ജീവിത കഥയുടെ പ്രചോദനത്തിൽ രഞ്ജിത്ത് തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന സിനിമ പ്രശസ്തം. പി ലീല, എം കെ അർജ്ജുനൻ, ജോൺസൺ, രവീന്ദ്രൻ, വിദ്യാസാഗർ, ഔസേപ്പച്ചൻ, ശരത്, എം ജയചന്ദ്രൻ തുടങ്ങി സംഗീത രംഗത്തെ നിരവധി പ്രമുഖർ മുൻപ് മുല്ലശ്ശേരി രാജു അവാർഡിന് അർഹരായിട്ടുണ്ട്.
23 കാരനായ കോഴിക്കോട് ചേവരമ്പലം സ്വദേശി സൗരവ് കിഷൻ റിയാലിറ്റി ഷോകളിലൂടെയാണ് സംഗീത പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചു തുടങ്ങിയത്. സൗരവ് ആലപിച്ച റഫിയുടെ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ. ആനന്ദ് മഹീന്ദ്ര, ശങ്കർ മഹാദേവൻ തുടങ്ങി പല പ്രമുഖരും സൗരവിനെ ഛോട്ടാ റഫി എന്ന് വിശേഷിപ്പിച്ചിരുന്നു. സുനിൽ പി നെടുങ്ങാട്ടിന്റെയും മിന്നികാറാണിയുടെയും മകനായ സൗരവ് ചൈനയിൽ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്.