localPoliticstop news

കാലിക്കറ്റ് സര്‍കലാശാലയില്‍ പിന്‍വാതില്‍ നിയമനത്തിനും അഴിമതിക്കും സി.പിഎം ശ്രമം : പി.കെ ഫിറോസ്

കോഴിക്കോട് : കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 116 അധ്യാപക തസ്തികകളിലേക്ക് പിന്‍വാതില്‍ വഴിയും പണം വാങ്ങിയും നിയമനം നടത്താന്‍ സി.പി.എം ശ്രമിക്കുന്നതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചു. സര്‍വ്വകലാശാല നിയമനങ്ങള്‍ ബാക്ക്‌ലോഗ് നികത്തിയും സംവരണ തത്വങ്ങള്‍ പാലിച്ചുമാണ് നടത്തേണ്ടത്. എന്നാല്‍ 04.03.2020ല്‍ ഇറക്കിയ ഉത്തരവ് പ്രകാരം ബാക്ക്‌ലോഗ് നികത്താതെ നിയമനം നടത്താനാണ് സര്‍വ്വകലാശാല തീരുമാനിച്ചിട്ടുള്ളത്. നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ മാന്വല്‍ ഫയലുകള്‍ ആയിരിക്കണമെന്നതും ഉത്തരവില്‍ പറയുന്നുണ്ട്. 2012 മുതല്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയ സര്‍വ്വകലാശാലയില്‍ നിയമനത്തെ സംബന്ധിച്ച ഫയലുകള്‍ മാന്വല്‍ ഫയലുകള്‍ ആവണമെന്ന് പറയുന്നത് കൃത്രിമം കാണിക്കാനാണെന്ന് വ്യക്തമാണ്.
ഏതൊക്കെ തസ്തികകളിലേക്കാണ് സംവരണം എന്നത് നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടില്ല. ഇത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടിയാണ്. കേരളത്തിലെ മുസ്‌ലിംങ്ങള്‍ അടക്കമുള്ള പിന്നാക്ക സമുദായത്തിന് ഈത്തപ്പഴം അല്ല സര്‍ക്കാര്‍ നല്‍കേണ്ടത്. മറിച്ച് ഭരണഘടനപരമായ അവകാശങ്ങള്‍ ആണ്. എന്നാല്‍ ഈത്തപ്പഴം കാണിച്ച് അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. കേരള സര്‍വ്വകലാശാലയില്‍ സി.പി.എം നടത്തിയ നിയമന തട്ടിപ്പ് കേസ് തള്ളണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്  മറ്റ് സര്‍വ്വകലാശാലകളില്‍ ഇത്തരം തട്ടിപ്പിന് കൂട്ട് നില്‍ക്കുന്നവര്‍ക്ക് ശിക്ഷയുണ്ടാകില്ലെന്ന ഉറപ്പ് നല്‍കലാണ്. ബാക്ക്‌ലോഗ് നികത്താതെയും സംവരണ തസ്തികകള്‍ ഏതെന്ന് വ്യക്തമാക്കാതെയും കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് നടക്കാനിരിക്കുന്ന അധ്യപക നിയമന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ആവശ്യപ്പെടുന്നു. നിയമനം പൂര്‍ണ്ണമായും പി.എസ്.സിക്ക് വിടുകയോ സുതാര്യമായ രീതിയില്‍ നിയമനം നടത്തുകയോ ചെയ്യണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് യൂത്ത്‌ലീഗ് നേതൃത്വം കൊടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close