കോഴിക്കോട്: ജീവിതം സമ്മാനിച്ച വേദനയെ മനോഹരമായ ചിത്രങ്ങളാക്കി മാറ്റുന്ന ഒരാളുണ്ട്. തളിപ്പറമ്പ് മാണിയൂര്‍ വീട്ടില്‍ സജിത. പ്രകൃതിയും മനുഷ്യരും ദൈവങ്ങളുമെല്ലാം സജിതയുടെ അക്രിലികില്‍ ഏറെ മിഴിവോടെ പിറക്കുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ പിടിമുറുക്കിയ മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ്വ ജനിതക രോഗമാണ് തളിപ്പറമ്പിനടുത്ത് കൊളുമ്പറമ്പ് കരിപ്പൂല്‍ സ്വദേശിനിയായ മുപ്പത്തേഴുകാരിയെ തളര്‍ത്തിയത്.
പതിനാല് വയസുവരെ കുറച്ചൊക്കെ നടന്നു. വേദന ഏറി വന്നതോടെ വീട്ടിന് പുറത്ത് പോകാന്‍ സാധിക്കാതെയായി. ഏഴാം ക്ലാസു വരെ മാത്രമെ പഠിക്കാന്‍ സാധിച്ചുള്ളു. വീട്ടിലേക്ക് നല്ല വഴിയില്ലാത്തതു കൊണ്ട് ഓട്ടോയ്ക്കടുത്തേക്ക് അമ്മ എടുത്തു കൊണ്ടു പോകലായിരുന്നു. വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നതോടെയാണ് ചിത്രരചനയിലേക്ക് തിരിഞ്ഞത്.
ഏട്ടന്‍മാര്‍ വരയ്ക്കുന്നത് കണ്ട് ചിത്രരചന തുടങ്ങിയ സജിതയുടെ ഇപ്പോഴത്തെ ശ്രദ്ധ മ്യൂറല്‍ പെയിന്റിംഗിലാണ്. യൂട്യൂബിന്റെ സഹായത്തോടെയാണ് പഠനം. കുട നിര്‍മ്മാണം, ഗ്ലാസ് പെയിന്റിംഗ് , വിത്തു പേന നിര്‍മ്മാണം, നെറ്റിപ്പട നിര്‍മാണം എന്നിവയിലും സജിത ഒരു കൈനോക്കുന്നു. മ്യൂറല്‍ പെയിന്റിംഗ് ശാസ്ത്രീയമായി പഠിക്കണമെന്നും സ്വന്തമായി പെയിന്റിംഗ് എക്‌സിബിഷന്‍ സംഘടിപ്പിക്കണമെന്നതുമാണ് സജിതയുടെ ലക്ഷ്യം.
കോവിഡ് പ്രയാസങ്ങള്‍ക്കിടയില്‍ പലരും ചിത്രങ്ങള്‍ വാങ്ങാനെത്തുന്നത് ഈ കലാകാരിക്ക് വലിയ ആശ്വാസമാണ്. കണ്ണന്‍ വിശ്വകര്‍മ്മന്റെയും ഗൗരിയുടെയും ഏഴു മക്കളില്‍ ഏറ്റവും ഇളയവളാണ് സജിത . രണ്ട് സഹോദരങ്ങള്‍ക്കും അവളുടെ അതേ അസുഖമായിരുന്നു. രണ്ടു പേരും മരണപ്പെട്ടു. അച്ഛനും യാത്രയായി. മറ്റു സഹോദരങ്ങള്‍ കുടുംബമായി കഴിയുന്നു. കൈയ്ക്ക് സ്വാധീനം കുറഞ്ഞു വരുന്നതു കൊണ്ട് വരയ്ക്കാനുള്ള സാധനങ്ങള്‍ പോലും അമ്മ എടുത്തു കൊടുക്കണം. വേദനയെ തോല്‍പ്പിച്ച് തന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുമെന്ന ഇച്ഛാശക്തിയാണ് സജിതയെ മുന്നോട്ട് നയിക്കുന്നത്.