മുക്കം: മുത്തേരിയില്‍ ഹോട്ടല്‍ ജോലിക്കാരിയായ വയോധികയെ ബലാത്സംഗം ചെയ്ത ശേഷം കവര്‍ച്ച നടത്തിയ കേസിലെ രണ്ടാം പ്രതിയെ പൊലിസ് പിടികൂടി. മലപ്പുറം ജില്ലയിലെ വേങ്ങര ചേറൂര്‍ വാക്കത്ത് ജമാലുദ്ദീനെ (26) യാണ് ബംഗളൂരു ജിഗ്‌നിയില്‍ വെച്ച് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ പുലര്‍ച്ചയോടെ പിടികൂടിയത്. സംഭവത്തിനുപയോഗിച്ച ഓട്ടോറിക്ഷക്ക് വ്യാജ നമ്പര്‍ പ്ലേറ്റ് തരപ്പെടുത്തി കൊടുത്തതും കവര്‍ച്ച ഒന്നാം പ്രതിയായ മുജീബ്‌റഹിമാന്‍ കവര്‍ച്ച ചെയ്ത സ്വര്‍ണം കൊടുവള്ളിയില്‍ വില്‍പന നടത്തിയതും ജമാലുദ്ദീനും കാമുകി സൂര്യപ്രഭയും ചേര്‍ന്നാണ്. കേസില്‍ സൂര്യപ്രഭ മൂന്നാം പ്രതിയാണ്.
ബാംഗ്ലൂരില്‍ ഒളിവില്‍ കഴിഞ്ഞു…
ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതോടെ കേരളത്തില്‍ നിന്നും രക്ഷപെട്ട ജമാലുദ്ദീന്‍ മൊബൈല്‍ ഫോണുകള്‍ പോലും ഉപയോഗിക്കാതെ അതീവ രഹസ്യമായി ബംഗ്ലൂരിലെ ജിഗിനിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ കോഴിക്കോട് കസബ പൊലിസ് റ്റേഷനില്‍ കഞ്ചാവ് കേസിലും മെഡിക്കല്‍ കോളജ് സ്‌റ്റേഷനില്‍ കള്ളനോട്ട് കേസിലും പ്രതിയാണ്.
ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടല്‍ ജീവനക്കാരിയായ വയോധിക മുത്തേരിയില്‍ വാഹനം കാത്തു നില്‍ക്കുമ്പോള്‍ മുജീബ്‌റഹിമാന്‍ ചോമ്പാല നിന്നും മോഷ്ടിച്ച ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി കൈയും കാലും കുട്ടികെട്ടി വായില്‍ തുണി തിരുകി ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ഗുരുതരമായി തലക്ക് പരുക്കേല്‍പിക്കുകയും ചെയ്ത ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത് ഒറ്റപ്പെട്ട സ്ഥലത്ത് വയോധികയെ ഉപേക്ഷിക്കുകയായിരുന്നു.
അന്വേഷണ സംഘത്തില്‍ ഇവര്‍….
റൂറല്‍ എസ്.പി ഡോ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി ടി. കെ. അഷ്‌റഫ്, മുക്കം ഇന്‍സ്‌പെക്ടര്‍ ബി.കെ സിജു എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ രാജീവ് ബാബു, വി.കെ സുരേഷ്, സൈബര്‍ സെല്‍ എസ്.ഐ സത്യന്‍ കാരയാട്, എ.എസ്.ഐ ഷിബില്‍ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അതേസമയം വെസ്റ്റ്ഹില്‍ കോവിഡ് ഫസ്റ്റ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് കഴിഞ്ഞദിവസം രക്ഷപ്പെട്ട കേസിലെ ഒന്നാം പ്രതി മുജീബ് റഹ്മാനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.