ന്യൂഡൽഹി: എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. പുതിയതായി പ്രഖ്യാപിച്ച 11 വൈസ് പ്രസിഡന്റുമാരിൽ കേരളത്തിൽ നിന്നു ഇടംനേടിയ ഏക നേതാവാണ് അബ്ദുള്ളക്കുട്ടി.
നേരത്തെ സിപിഎമ്മിൽ നിന്നു കോൺഗ്രസിലെത്തുകയും പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്ത നേതാവാണ് അബ്ദുള്ളക്കുട്ടി.
രമൺ സിങ്, വസുന്ധര രാജ സിന്ധ്യ, രാധാ മോഹൻ സിങ്, ബൈജയന്ത് ജെ, രഘുബർ ദാസ്, മുകുൾ റോയ്, രേഖ വർമ, അന്നപൂർണ ദേവി, ഭാരതി ബെൻ, കെ.അരുണ, ചുബാ വോ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാർ. കേരളത്തിൽ നിന്നുള്ള ടോം വടക്കന്‍ ദേശീയ വക്താവ് പദവി നൽകിയിട്ടുണ്ട്.
കോൺഗ്രസ് ദേശീയ വക്താവായിരുന്നു ഇപ്പോൾ ബിജെപി ദേശീയ വക്താവായി ചുമതല ലഭിച്ച ടോം വടക്കൻ.
എട്ട് ദേശീയ ജനറൽ സെക്രട്ടറിമാർ, മൂന്ന് ജോയിന്റ് സെക്രട്ടറിമാർ എന്നിങ്ങനെ പാർട്ടിയിൽ പൂർണ അഴിച്ചുപണി നടന്നിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള തേജ്വസി സൂര്യയെ യുവമോർച്ചയുടെ ദേശീയ സെക്രട്ടറിയായി നിയമിച്ചു.