localtop news

കൊയിലാണ്ടി മത്സ്യ ബന്ധന തുറമുഖം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കൊയിലാണ്ടി: കൊയിലാണ്ടിയുടെ വികസന മുഖത്തിന് പുത്തന്‍ ഉണര്‍വ് പകർന്ന് മത്സ്യ ബന്ധന തുറമുഖം  ഒക്ടോബർ ഒന്നിന് രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് മുഖേന മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഹാർബറിന്റെ നിർമ്മാണത്തിനായി 63.99 കോടി രൂപയാണ് വിനിയോഗിച്ചത്.  2006ലാണ്  ഈ സ്വപ്ന പദ്ധതിക്ക് തറക്കല്ലുപാകിയത്.  വേഗത്തിൽ തന്നെ പ്രവൃത്തികൾ മുന്നോട്ട് നീങ്ങുകയും ചെയ്തു. പുലിമുട്ടുകളുടെ നീളത്തിൽ കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണിത്. തെക്കേ പുലിമുട്ടിന് 915 മീറ്റർ നീളവും വടക്ക് ഭാഗത്ത് 1600 മീറ്റർ നീളവുമുണ്ട്.
ഹാർബറിൽ പുലിമുട്ടുകൾ, വാർഫുകൾ, ലേലപ്പുരകൾ, ലൈറ്റിംഗ് സംവിധാനങ്ങൾ, അഴുക്കുചാലുകൾ,  ജലലഭ്യത, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ, കടമുറികൾ തുടങ്ങിയ എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ചു കഴിഞ്ഞു.  ഡീസൽ ബങ്കിന്റെ പ്രവൃത്തി 50 % പൂർത്തിയായി. ജില്ലാ കലക്ടർ അധ്യക്ഷനായ  ഔദ്യോഗിക ഹാർബർ മാനേജ്മെന്റ് കമ്മറ്റി നിലവിൽ വന്നു കഴിഞ്ഞു.
ഹാർബർ കമ്മീഷൻ ചെയ്ത് പ്രവർത്തനക്ഷമമാകുന്നതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് നേരിട്ടും മത്സ്യ വ്യാപാരം, സംസ്കരണം, കയറ്റുമതി തുടങ്ങി നിരവധി മേഖലകളിലെ പതിനായിരങ്ങൾക്കും തൊഴിൽ ലഭ്യത വർദ്ധിക്കും.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടി അമ്മ അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് വിശിഷ്ടാതിഥിയാകും. മുഖ്യാതിഥികളായി മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, കെ മുരളീധരൻ എം.പി, എം.എൽ.എ മാർ എന്നിവർ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close