INDIANationaltop news

നിങ്ങളാരെയാണ് ഭയക്കുന്നത്, വരൂ, ആ പെണ്‍കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് നമുക്കൊരുമിച്ച് ചോദിക്കാം, യു പി പോലീസിനെ വിറപ്പിച്ച് മാധ്യമപ്രവര്‍ത്തക

ലക്‌നൗ: സോഷ്യല്‍ മീഡിയ മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കാലത്ത് ഇതാ ഒരു മാധ്യമപ്രവര്‍ത്തകയെ നെഞ്ചോട് ചേര്‍ക്കുന്നു. എബിപി ന്യൂസ് ചാനലിലെ മാധ്യമ പ്രവര്‍ത്തക പ്രതിമ മിശ്രയാണ് താരം. ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിക്കാന്‍ പ്രതിമ നടത്തിയ പരിശ്രമമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കനത്ത പോലീസ് വലയത്തെ ഭേദിച്ച് പ്രതിമ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ട് മുറ്റത്ത് വരെ എത്തി. പക്ഷേ, വനിതാ പോലീസുകാരും മജിസ്‌ട്രേറ്റും അവരെ വീട്ടുകാരുമായി സംസാരിക്കാന്‍ അനുവദിച്ചില്ല. പ്രതിമക്കൊപ്പമുണ്ടായിരുന്ന ക്യാമറാമാന്‍ മനോജിനെ പോലീസ് ഉന്നതര്‍ തള്ളി മാറ്റുകയും വീഡിയോ പകര്‍ത്തുന്നത് തടയുകയും ചെയ്തതോടെയാണ് പ്രതിമക്ക് പിന്‍മാറേണ്ടി വന്നത്. രാജ്യത്തിന് സത്യം അറിഞ്ഞേ തീരൂ, മാധ്യമങ്ങള്‍ക്ക് ചോദ്യം ചോദിച്ചേ മതിയാകൂ, പോലീസിനെ ഉപയോഗിച്ച് വസ്തുതകള്‍ മറച്ച് പിടിക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നത് രാജ്യം ചോദ്യം ചെയ്യുമെന്നും പ്രതിമ മിശ്ര പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി പറഞ്ഞു.
തന്നെ തടഞ്ഞ വനിതാ പോലീസ് ഉദ്യോഗസ്ഥരോട് ദേഹത്ത് തൊട്ട് പോകരുതെന്ന് താക്കീത് നല്‍കി. ഗാന്ധിജയന്തി ദിനമാണ് അഹിംസ കൊണ്ടാടുന്ന ദിനത്തില്‍ തന്നെ തടയാന്‍ ശ്രമിക്കരുത് എന്നും പ്രതിമ പറഞ്ഞു.
ഹാത്രാസ് സംഭവം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ശക്തമായ വികാരമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിര്‍ഭയ മോഡലില്‍ നീതിക്കായുള്ള സമരക്കൂട്ടായ്മകള്‍ രൂപപ്പെട്ടിരിക്കുന്നു. ഹാത്രാസിലെ ഇരയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധി പോകുമ്പോള്‍ പോലീസ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരേയും പോലീസ് തടഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close