KERALAtop news

കുതിരക്കോലം കലാകാരൻ ബാലൻ പൊയിൽക്കാവിന് കേരള ഫോക്ക് ലോർ അക്കാദമിയുടെ അവാർഡ്

കൊയിലാണ്ടി : പ്രശസ്ത നാടൻ കലാകാരൻ ബാലൻ പൊയിൽക്കാവിന് കേരളാ ഫോക് ലോർ അക്കാദമിയുടെ  അവാർഡ്. കുതിരക്കോലം രംഗത്തെ അദ്ദേഹത്തിൻ്റെ ദീർഘകാലത്തെ പ്രവർത്തനത്തിനുള്ള അംഗീകാരമായിട്ടാണ് അവാർഡ്. ഉത്സവഘോഷയാത്രകൾക്കും ആഘോഷ വരവുകൾക്കും നാടൻ കലാപ്രകടനങ്ങൾക്കും മറ്റ് അനുഷ്ഠാന ചടങ്ങുകൾക്കുമൊപ്പമാണ് കുതിര ക്കോലം അവതരിപ്പിക്കാറുള്ളത്‌. കവുങ്ങിൻ പാള, കുരുത്തോല തുടങ്ങിയ നാടൻ വസ്തുക്കളും നാടൻ നിറക്കൂട്ടുകളും ഉപയോഗിച്ച് തയ്യാറാക്കുന്ന കുതിരക്കോലം നർത്തകൻ ധരിച്ച് കുതിരപ്പുറത്തെന്ന പോലെ താളമേളങ്ങൾക്കനുസരിച്ച് നടനം ചെയ്യുന്നതാണ് കുതിരക്കോലം. അമ്പത് വർഷത്തിലേറെയായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരനാണ് ബാലൻ പൊയിൽക്കാവ്. നാടൻപാട്ട്, വാദ്യ പ്രയോഗം എന്നീ രംഗങ്ങളിലും ഇദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. പ്രകൃതിയിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും കണ്ടെത്തുന്ന പാഴ് വസ്തുക്കളിൽനിന്നും മനോഹരമായ ശില്പങ്ങളും കരകൗശല വസ്തുക്കളും തയ്യാറാക്കുന്നതിലും ബാലൻ പ്രഗത്ഭനാണ്. തൊണ്ട്, ചകിരി, വേരുകൾ, ദ്രവിച്ച മരത്തടികൾ, കായ്കൾ എന്നിവയിൽ നിന്നും രൂപങ്ങൾ കണ്ടെത്തിയാണ് ശില്പ വേലകൾ. പാള, ഓല, കുരുത്തോല തുടങ്ങിയവ ഉപയോഗിച്ച് പലതരം മുഖംമൂടികളും പക്ഷിമൃഗാദികളുടെയും രൂപങ്ങളും അലങ്കാര വസ്തുക്കളും തയ്യാറാക്കാനുമുള്ള ബാലൻ്റെ വിരുത് അത്ഭുതകരമാണ്. കരകൗശല വസ്തുക്കളുടെ പ്രദർശനങ്ങൾ നടത്തിയും പരിചയപ്പെടുത്തിയും പുതിയ തലമുറയിലെ കുട്ടികൾക്ക് തൻ്റെ കഴിവ് പകർന്നു നൽകാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. പൂക്കാട് കലാലയത്തിൻ്റെ കരകൗശല പരിശീലന പരിപാടികളിൽ ബാലൻ്റെ പ്രദർശനവും പരിശീലന ക്ലാസ്സുകളും പതിവാണ്. നാടൻ പാട്ടുകൾ, കളികൾ, തുടിക്കാട്ട്, കൂളികെട്ട് എന്നിവയിൽ സാമുദായിക അനുഷ്ടാന ചടങ്ങുകളിലും ബാലൻ്റെ ആവിഷ്ക്കാരങ്ങൾ ശ്രദ്ധേയമാണ്. ഏറെക്കാലം പൂക്കാട് കലാലയത്തിൻ്റെ നാടക സംഘത്തിൽ പ്രവർത്തിച്ചിരുന്നു. നാട്ടിലെ കലാസാംസ്കാരിക മേഖലയിൽ വിപുലമായ സുഹൃത് ബന്ധങ്ങൾക്ക് ഉടമ കൂടിയാണ് ബാലൻ. കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയായ ബാലന് തൻ്റെ എഴുപതാം വയസ്സിലാണ് അംഗീകാരം തേടിയെത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close