തൃശൂര്‍: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ ആണ് കൊല്ലപ്പെട്ടത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ് നിധില്‍. കാരമുക്ക് അഞ്ചങ്ങാടി റോഡില്‍ വെച്ച് നാലംഗ സംഘം നിധിലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിധിലിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം പിറകിലിടിച്ച് അപകടമുണ്ടാക്കി. തുടര്‍ന്ന് നിധില്‍ കാറില്‍ നിന്ന് പുറത്തേക്ക് വീഴുകയും സംഘം കൊലപ്പെടുത്തുകയും ചെയ്തു.
ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആദര്‍ശ് കൊലപാതകത്തിന്റെ കുടിപ്പകയാകാം കൊലപാതകത്തിന് പിറകിലെന്ന് പോലീസ് കരുതുന്നു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. ജൂലൈയിലാണ് അന്തിക്കാട് സ്വദേശിയായ ആദര്‍ശിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതില്‍ മുഖ്യ പ്രതിയായിരുന്നു നിധില്‍.