മുക്കം: വെള്ളിത്തിരയുടെ കളർ ഫ്രെയിമുകളിലേക്ക് നിറങ്ങളില്ലാത്ത ജീവിതങ്ങൾ പറിച്ചു നടാനുള്ള പ്രതീക്ഷകൾ ബാക്കിയാക്കി മുഹമ്മദ് ഹനീഫ് യാത്രയായി. സിനിമ വലിയൊരു സ്വപ്നമായിരുന്നു ഹനീഫിന്. ജീവിതത്തിലെ പല സന്ദർഭങ്ങളിൽ തനിച്ചായവരുടെ കഥപറയുന്ന ‘ഒറ്റപ്പെട്ടവർ’ എന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരണം പൂർത്തിയായ സന്ദർഭത്തിലാണ് ഈ കലാകാരൻ്റെ ആകസ്മികമായ വിയോഗം. കോടഞ്ചേരി ശാന്തി നഗറിൽ വെച്ച് ഹനീഫ് സഞ്ചരിച്ച സ്കൂട്ടർ പന്നിയെ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടുകൂടിയായിരുന്നു അപകടം. കോഴിക്കോട് മുഖ്താർ സ്വദേശിയാണെങ്കിലും പിന്നീട് കാരശ്ശേരിയിലേക്ക് താമസം മാറ്റുകയായിരുന്നു. മിമിക്രി അവതരിപ്പിച്ചും തബലിസ്റ്റുമായാണ് ഹനീഫ് ബാബു കലാരംഗത്തേക്ക് കടന്നു വന്നത്. തുടർന്ന് സിനിമകളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. ഹോം സിനിമകളും ടെലിഫിലിമുകളും സീരിയലുകളുമായി കലാരംഗത്ത് സജീവമായി. കൊവിഡ് കാലത്ത് ലോക്ക്ഡൗൺ ഡയറി, സൈഫ് ലൈഫ് എന്നീ പേരുകളിൽ രണ്ട് ബോധവൽക്കരണ ഹൃസ്വചിത്രങ്ങൾ പുറത്തിറക്കി. അതേസമയം ജലക്ഷാമത്തിന്റെ ദുരിതങ്ങൾ അനാവരണങ്ങൾ ചെയ്യുന്ന വെള്ളം എന്ന ഫിലിമും ഇക്കയുടെ സ്വാന്തം പൊന്നൂസ് എന്ന ആൽബവും ഇതിനിടയിൽ പുറത്തിറക്കി. പല കാരണങ്ങളാൽ സമൂഹത്തിൽ ഒറ്റപ്പെട്ട് പോയ മനുഷ്യരുടെ നേർകാഴ്ച്ചകൾ ഭാവതലങ്ങളിൽ മനോഹരമാക്കുന്ന ഒറ്റപ്പെട്ടവർ എന്ന തിയേറ്റർ സിനിമയുടെ പ്രവർത്തനത്തിന്റ അവസാനത്തിലാണ് ഹനീഫ് ബാബുവിനെ മരണം തട്ടിയെടുത്തുന്നത്. പുതിയ താരങ്ങൾ അഭിനയിക്കുന്ന ഒറ്റപ്പെട്ടവർ എന്ന സിനിമയുടെ ഭൂരിഭാഗവും ചിത്രീകരണം പൂർത്തീകരിച്ചിരുന്നു. ഇതിനിടയിൽ ഈ സിനിമ പൂർത്തികരിക്കാനുള്ള ഹനിഫ് ബാബുവിന്റെ മോഹം മരിക്കുന്നതിന്റെ മണിക്കുറുകൾക്ക് മുമ്പ് പോലും കുട്ടുകാരോട് പങ്കിട്ടിരുന്നു. ഈ മോഹം പൂർത്തിയാക്കാൻ സഹപ്രവർത്തകർ ഒന്നടങ്കം തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പരിശോധന ഫലം പോസിറ്റിവായതിനാൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കാരശ്ശേരി തണ്ണീർ പൊയിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ബബറടക്കി.