KERALAlocalOtherstop news

കേന്ദ്ര ഏജന്‍സികളുടെ രഹസ്യം ചോര്‍ത്തിയെന്ന് പിടി തോമസ് എം എല്‍ എ, നിയമനടപടി സ്വീകരിക്കുമെന്ന് വിനോദ് ഭട്ടതിരിപ്പാട്‌

കോഴിക്കോട്: കേരള പോലീസിന്റെ ഹോണററി ഐ ടി ഉപദേശകനായി ഐ ടി വിദഗ്ധനായ ഡോ പി വിനോദ് ഭട്ടതിരിപ്പാടിനെ നിയമിച്ചത് പി എസ് സിയെ അറിയിക്കാതെയാണെന്നും സ്വര്‍ണക്കള്ളക്കടത്ത് അടക്കം വിവാദ കേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ രഹസ്യം ചോര്‍ത്താന്‍ വിനോദ് ഭട്ടതിരിപ്പാട്‌ ശ്രമിച്ചതായും പിടി തോമസ് എം എല്‍ എ പത്രസമ്മേളനത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെ വിനോദ് ഭട്ടതിരിപ്പാട് രംഗത്തെത്തിയിരിക്കുകയാണ്.ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെ പി ടി തോമസ് എം എല്‍ എക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഐ ടി വിദഗ്ധനായ പി വിനോദ് ഭട്ടതിരിപ്പാട് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

വാര്‍ത്താ കുറിപ്പില്‍ തുടക്കം ഇങ്ങനെ…

ശ്രീ. പി. ടി. തോമസ് എം.എല്‍.എ എന്റെ പേര് പത്രസമ്മേളനത്തില്‍ അനവസരത്തില്‍ സൂചിപ്പിച്ചതായി അറിഞ്ഞു. എന്നെ കേരള പൊലീസിന്റെ Chief Technology Officer (IT Advisor-Honorary) ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത് സംബന്ധിച്ചാണ് ഈ എം.എല്‍.എയുടെ പരാമര്‍ശം.
പി.എസ്.സിയെ അറിയിക്കാതെയുള്ള നിയമനമാണെന്നാണ് പി ടി തോമസിന്റെ കണ്ടെത്തല്‍. എന്നാല്‍, ഇത് തികച്ചും ഒരു സൗജന്യസേവനമാണെന്നും ശമ്പളം, അലവന്‍സ്, ഓഫീസ്, സ്റ്റാഫ്, വണ്ടി എന്നവയടക്കം ഒന്നും ഇല്ലാത്ത ഒരു നിയമനമാണെന്നും അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഞാന്‍ ഇതുവരെ പണമൊന്നും കൈപ്പറ്റിയിട്ടുമില്ല. ഇതെല്ലാം ആര്‍ക്കും പരിശോധിക്കാവുന്നതാണ്.

നിയമനത്തിന് പിറകില്‍ ഇതാണ് കാരണം…

2018ല്‍ അമേരിക്കയിലെ ടെക്‌സാസ് സര്‍വ്വകലാശാലയില്‍ കേരള പൊലീസിന്റെ അന്വേഷണമികവിനെക്കുറിച്ച് ഞാന്‍ ഒരു ഗവേഷണപ്രബന്ധം അവതരിപ്പിച്ചതിന്റെ തൊട്ട് പിന്നാലെയായിരുന്നു നിയമനം ലഭിച്ചത്. ഈ ഗവേഷണപ്രബന്ധത്തിന്റെ കോപ്പികള്‍ ലോകത്താകമാനമുള്ള പൊലീസ് ഓഫീസര്‍മാര്‍ ഇന്നും ഡൗണ്‍ലോഡ് ചെയ്ത് വായിക്കുന്നു. കേരള പൊലീസിന് അത് ഒരുപാട് പ്രസിദ്ധി നേടികൊടുത്തു.

കേന്ദ്ര ഏജന്‍സികളുടെ രഹസ്യം ചോര്‍ത്തിയോ?

സ്വര്‍ണക്കള്ളക്കടത്ത് അടക്കം വിവാദ കേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ രഹസ്യം ചോര്‍ത്താന്‍ ഞാന്‍ ശ്രമിച്ചതായി എം.എല്‍.എയ്ക്ക് സംശയം ഉള്ളതായി അറിഞ്ഞു. അത് അദ്ദേഹത്തിന്റെ സംശയം മാത്രം ആണ്. സൈബര്‍ ഫൊറന്‍സിക്ക്‌സില്‍ ഡോക്റ്ററേറ്റുള്ള എന്നെ നിരവധി കേസുകളില്‍ സൈബര്‍ തെളിവുകള്‍ എടുക്കാന്‍ സാങ്കേതിക വിദഗ്ധനായി കസ്റ്റംസും കോടതികളും കഴിഞ്ഞ ഒരു പതിറ്റാണ്ടായി വിളിച്ചിട്ടുണ്ട്. മാത്രമല്ല, ജയിലും പൊലീസുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതികവിദ്യകള്‍ നിര്‍ദ്ദേശിക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനിലും സാങ്കേതികവിദഗ്ധനായി എന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കസ്റ്റംസ് വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല…

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തെളിവെടുക്കാനും സാങ്കേതിക വിദഗ്ധനായി ഒരിക്കല്‍ കസ്റ്റംസ് എന്നെ എറണാകുളത്തേയ്ക്ക് വിളിപ്പിച്ചിരുന്നു. യാത്രയും താമസസൗകര്യവുമടക്കം എല്ലാം കസ്റ്റംസ് തന്നെയാണ് ചെയ്തത്. ഞാന്‍ ഒപ്പിട്ട റിപ്പോര്‍ട്ടും കസ്റ്റംസിന്റെ കയ്യിലുണ്ട്. മാത്രമല്ല, സൈബര്‍ തെളിവുമായി ബന്ധപ്പെട്ട് സോളാര്‍ കമ്മീഷനും എന്നെ സാങ്കേതിക വിദഗ്ധനായി വിളിപ്പിക്കുകയും എന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close