EDUCATIONlocalOtherstop news

യു ജി സി അറിയില്ല, പെണ്‍കുട്ടി സ്‌കോളര്‍ഷിപ് പദ്ധതിയുടെ പേരില്‍ മഹാതട്ടിപ്പ്, ബാങ്കിലേക്ക് പ്രതിമാസം 2000 – 20000 രൂപ വരുമെന്ന് പ്രചാരണം

മുക്കം: ഒറ്റ പെണ്‍കുട്ടി സ്‌കോളര്‍ഷിപ് പദ്ധതിയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി തട്ടിപ്പ് വര്‍ധിക്കുന്നു. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുമായി സാദൃശ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഒറ്റ പെണ്‍കുട്ടി ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ടെന്നും എത്രയും വേഗം അപേക്ഷ നല്‍കണമെന്നും കാണിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

ഒന്നാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 2,000 രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ മാസം സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നുവെന്നാണ് പ്രചാരണം. നോട്ടറി അഫിഡവിറ്റ്, നൂറ് രൂപ ഫീസ്, മാതാപിതാക്കള്‍ക്ക് ഒറ്റ പെണ്‍കുട്ടി ഉണ്ടെന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ഓണ്‍ലൈനായി അപേക്ഷിക്കണമെന്നാണ് സന്ദേശങ്ങളില്‍ പറയുന്നത്. ഇത് തീര്‍ത്തും വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

രണ്ട് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മാത്രമാണ് ഒറ്റ പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 11, 12 ക്ലാസുകളില്‍ പഠിക്കുന്ന സി.ബി.എസ്.ഇ വിദ്യാര്‍ഥിനികള്‍ക്ക് സി.ബി.എസ്.ഇ നല്‍കുന്ന സ്‌കോളര്‍ഷിപ്പും പി.ജി കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് യു.ജി.സി നല്‍കുന്ന ഇന്ദിരാഗാന്ധി ഒറ്റപെണ്‍കുട്ടി സ്‌കോളര്‍ഷിപ്പും. രണ്ടു സ്‌കോളര്‍ഷിപ്പുകളുടെയും വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഏറ്റവും പഠന നിലവാരമുള്ള കുറഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് മാത്രമാണ് ഈ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. ഇന്ത്യയിലാകമാനം റഗുലര്‍ സ്‌കീമില്‍ പഠിക്കുന്ന 3,000 പേര്‍ക്ക് മാത്രമാണ് യു.ജി.സി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

മാത്രമല്ല ഈ വര്‍ഷത്തേക്കുള്ള അപേക്ഷ യു.ജി.സി ക്ഷണിച്ചിട്ട് പോലുമില്ല. രക്ഷിതാക്കള്‍ മാത്രമല്ല, അധ്യാപകരും ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരുമടക്കം ഈ വ്യാജ സന്ദേശങ്ങളുടെ പ്രചാരകരായി മാറുന്നുണ്ടെന്ന് മുക്കം നഗരസഭ സെക്രട്ടറി എന്‍.കെ ഹരീഷ് പറയുന്നു. ഇതുവഴി ഒറ്റ പെണ്‍കുട്ടികളുള്ള ഒരുപാട് രക്ഷിതാക്കളാണ് കബളിപ്പിക്കപ്പെടുന്നതെന്നും സാക്ഷ്യപത്രത്തിനായി നിരവധി രക്ഷിതാക്കളാണ് ജോലി പോലും ഒഴിവാക്കി മിക്ക ദിവസങ്ങളിലും നഗരസഭ ഓഫിസില്‍ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അനധികൃത ഓണ്‍ലൈന്‍ അപേക്ഷാ കേന്ദ്രങ്ങളില്‍ വന്‍തോതില്‍ ഫീസ് വാങ്ങി സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ വ്യാപകമായി സ്വീകരിക്കുന്നുണ്ട്. സി.ബി.എസ്.ഇയുടെ വെബ്‌സൈറ്റുമായി സാദൃശ്യമുള്ള വ്യാജ വെബ്‌സൈറ്റിലേക്കാണ് അപേക്ഷകള്‍ പോകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close