കൊയിലാണ്ടി: 25 വർഷമായി കൊയിലാണ്ടി നഗരസഭ ഭരിക്കുന്ന ഇടതു മുന്നണിയുടെ, നേതൃത്വത്തിലുള്ള ഭരണസമിതി നടത്തുന്ന അഴിമതിക്കും ക്രമക്കേടുകൾക്കും എതിരായും, വികസന മുരടിപ്പിന് എതിരെയും ബിജെപി നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ നിൽപ്പ് സമരം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പാലിറ്റി വികസന മുരടിപ്പിനെതിരെ ബി.ജെ.പി കൊയിലാണ്ടി സൗത്ത് നോർത്ത് എരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.
മാലിന്യ നിർമാർജനത്തിലും കുടിവെള്ള പ്രശ്നത്തിലും മുൻസിപാലിറ്റി പരാജയമാണ്. മുൻസിപാലിറ്റിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മേൽപ്പാലത്തിന് താഴെയിട്ട് കത്തിക്കുന്ന അവസ്ഥയാണ് കൊയിലാണ്ടി മോഡൽ മാലിന്യ നിർമാർജനം.കോടികൾ മുടക്കിയുള്ള കുടിവെള്ള പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ച അവസ്ഥയാണ് .ഇതുമൂലം കടലോര മേഖലയിലെ പാവപ്പെട്ട മത്സ്യതൊഴിലാളികൾ ഉൾപ്പെടെ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. കൊയിലാണ്ടിക്ക് ഒരു പൊതു ശ്മശാനം എന്നതും മുൻസിപാലിറ്റിയുടെ അനാസ്ഥ മൂലം നടപ്പായിട്ടില്ല. റെയിൽവെ നിർമ്മിച്ച് മുൻസിപ്പാലിറ്റിക്ക് നടത്തിപ്പ് ചുമതല കൈമാറിയ റയിൽവെ അടിപാതയും വെള്ളക്കെട്ട് കാരണം ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ല. ഇതിനെതിരെ ബി.ജെ.പി കഴിഞ്ഞ ദിവസം വെള്ളകെട്ടിൽ മീൻ ഒഴുക്കി സമരം ചെയ്തിരുന്നു. വി കെ ഷാജി അധ്യക്ഷത വഹിച്ചു. എസ് ആർ ജെയ്ക്കിഷ്, വി കെ ജയൻ, ഉണ്ണികൃഷ്ണൻ മുത്താമ്പി, കെ വി സുരേഷ്, രജനീഷ് ബാബു, സിടി രാഘവൻ, ഓ മാധവൻ എന്നിവർ സംസാരിച്ചു.