മുക്കം: ജില്ലയിലെ കൊടിയത്തൂരിലും വേങ്ങേരിയിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ട് ഏഴ് മാസം കഴിഞ്ഞിട്ടും കർഷകർക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല. 2020 മാർച്ച് ആറിനായിരുന്നു വെസ്റ്റ് കൊടിയത്തൂരിലേയും വേങ്ങേരിയിലേയും കോഴിഫാമുകളിൽ പക്ഷിപ്പനി ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് ഈ ഫാമുകളിലേയും അതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലേയും ഫാമുകളിലേയും ആയിരക്കണക്കിന് വളർത്തു പക്ഷികളെ കൊന്നൊടുക്കുകയും ചെയ്തു. വ്യാവസായികാടിസ്ഥാനത്തിൽ കൂട്ടത്തോടെ വളർത്തുന്നവയേയും പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ വിലയുള്ള അലങ്കാര പക്ഷികളേയും ഇങ്ങനെ കൊന്നൊടുക്കിയിരുന്നു. നശിപ്പിക്കപ്പെട്ട പക്ഷികളുടെ ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് അന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കർഷകർക്ക് കൊടുത്ത ഉറപ്പാണ് ഏഴ് മാസം കഴിഞ്ഞിട്ടും പാലിക്കാതെ കിടക്കുന്നത്. ഒരു മാസത്തിനകം എല്ലാ കർഷകർക്കും നഷ്ടപരിഹാരം നൽകുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. പക്ഷിപ്പനിയെ തുടർന്ന് കൊടിയത്തൂരിലെയും വേങ്ങേരിയിലേയും സമീപ പ്രദേശങ്ങളിലേയും പക്ഷി കർഷകർക്കും വിൽപനശാലകൾക്കും ഫാമുകൾക്കും കോഴിക്കടകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കും വൻ നഷ്ടമാണ് നേരിടേണ്ടി വന്നത്. പക്ഷിപ്പനി പടരാതിരിക്കാൻ മൃഗസംരക്ഷണ വകുപ്പിൻ്റെ നിർദേശ പ്രകാരം പക്ഷികളെ മുഴുവൻ നശിപ്പിക്കുകയും ആഴ്ചകളോളം പ്രതിസന്ധി നീണ്ടുനിൽക്കുകയും ചെയ്തിരുന്നു. പലർക്കും വലിയ വിലയുള്ള അലങ്കാര പക്ഷികളെയടക്കം കൊന്നൊടുക്കേണ്ടി വന്നിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിക്കുമെന്ന ആശ്വാസം മാത്രമായിരുന്നു കർഷകർക്ക് ഉണ്ടായിരുന്നത്. ഇതാണ് എട്ടു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെടാതെ പോകുന്നത്. പഞ്ചായത്തധികൃതരും മൃഗസംരക്ഷണ വകുപ്പ് അധികൃതരും നഷ്ടപരിഹാരം ലഭിക്കുന്നതിനായി അപേക്ഷകൾ വാങ്ങി വെച്ചതല്ലാതെ തുടർപ്രവർത്തനങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു. കൊവിഡ് മൂലം വൻ പ്രതിസന്ധി നേരിടുന്നതിനിടെ ഇനിയും നഷ്ടപരിഹാരം ലഭിക്കാത്തത് വൻ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്ന് പക്ഷി കർഷകർ പറയുന്നു.
Related Articles
December 3, 2021
298
കോണ്‍ഗ്രസ്സിന്റെ ചിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് നടത്തുന്നത് വലിയ മുന്നേറ്റം;കേരളത്തിലും വേരുറപ്പിക്കാന്‍ തയ്യാറെടുത്ത് മമത
Check Also
Close-
ലേഡീസ് ഓൺലി സാഹസീക യാത്രയുമായി ജോളി ചെറിയാൻ
October 5, 2023