localtop news

ലോക്ഡൗണ്‍ അനുഗ്രഹമായി; വീടിന്റെ മട്ടുപ്പാവിനെ  പച്ചപ്പ് പുതപ്പിച്ച് അധ്യാപകൻ

കോഴിക്കോട്: ലോക്ഡൗണ്‍ മൂലം നാടും നഗരവും   ലോക്കായിട്ടും പ്രതിസന്ധികളെ അവസരമാക്കിയിരിക്കുകയാണ്   അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ പാവങ്ങാട് സ്വദേശി സുധിന്‍.  കൃഷിയെയും പച്ചപ്പിനെയും  ഇഷ്ടപ്പെടുന്ന സുധിന്‍ ഏറെ കാലമായി ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ആഗ്രഹം ഈ ലോക്ഡൗണ്‍ കാലത്ത് പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
വീടിന്റെ രണ്ടാം നിലയിലെ മട്ടുപ്പാവ്  മുഴുവനായും മഴമറ നിര്‍മ്മിച്ച് കൃഷിയില്‍ നൂറു മേനി കൊയ്തിരിക്കുകയാണ് ഇദ്ദേഹം.
പുതിയ വീട് വച്ച മുതല്‍ക്കെയുള്ള ആഗ്രഹമായിരുന്നു മട്ടുപ്പാവിലെ ഒഴിഞ്ഞു കിടക്കുന്ന ഇടം കൃഷിക്കായി പ്രയോജനപ്പെടുത്തണം എന്നത്, എന്നാല്‍ ജോലി തിരക്കുകള്‍ക്കിടയില്‍ അതെന്നും ആഗ്രഹമായി അവശേഷിക്കുകയായിരുന്നു.  കഴിഞ്ഞ വര്‍ഷം യാദൃശ്ചികമായി എലത്തൂര്‍ കൃഷിവകുപ്പ് ഓഫീസില്‍ എത്തുകയും ആഗ്രഹം പറഞ്ഞപ്പോള്‍ കൃഷി വകുപ്പ് ഓഫീസര്‍ നീന വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും  മഴമറ നിര്‍മ്മാണ പദ്ധതിയില്‍ പേരു രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ലോക്ഡൗണ്‍ കാലത്ത് അനുഗ്രഹമെന്ന പോലെയായിരുന്നു ഇത്തവണ സംസ്ഥാന കൃഷി വകുപ്പിന്റെ  പച്ചകറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഴമറയ്ക്കുള്ള സഹായം ലഭിച്ചത്. പിന്നീടുള്ള മുഴുവൻ സമയവും ചെടികള്‍ക്കായി കൂടാരമൊരുക്കുന്നതിലായിരുന്നു. സ്വന്തമായിട്ടായിരുന്നു മഴ മറയുടെ പ്ലാനും ഡിസൈനും  തയ്യാറാക്കിയത് നിര്‍ദ്ദേശങ്ങളും പിന്തുണകളുമായി  കൃഷി വകുപ്പ് ഉദ്യോഗസ്ഥ ജിഷയും ഏറെ സഹായിച്ചു.
120തോളം ഗ്രോ ബാഗിലും ഡ്രമുകളിലുമായി  പയര്‍, വെണ്ട, തക്കാളി, വഴുതിന, പൊതീന, പച്ചമുളക്, കാപ്സിക്കം, ചുരങ്ങ, കൈപ്പ , പടവലം തുടങ്ങിയ പച്ചകറികള്‍ക്ക് പുറമെ പാഷന്‍ ഫ്രൂട്ട്, അലങ്കാര ചെടികള്‍ എന്നിവയും ഈ മട്ടുപ്പാവിന് മാറ്റ് കൂട്ടുന്നു.
ആവശ്യക്കാർ നേരിട്ട് സമീപിക്കാൻ തുടങ്ങിയതോടെ ചെടികളുടെ വില്‍പ്പനയും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സുധിൻ. സ്വന്തം അനുഭവത്തിൽ  നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്‌ ആവശ്യക്കാർക്കായി മട്ടുപ്പാവിൽ കൃഷിക്കാവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഉള്‍പ്പെടെ  എല്ലാ സൗകര്യങ്ങളോടും കൂടി  പച്ചപ്പിന്റെ കൂടാരം ഒരുക്കി  കൊടുക്കുന്ന ഒരു സംരംഭകം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലുമാണ് ഇദ്ദേഹം.
വിഷ രഹിതമായ പച്ചകറികള്‍ ലഭിക്കുക എന്നതിലുപരി മാനസിക ഉല്ലാസത്തിന് ഇതിലും വലിയ ഒരു ഉപാധി വേറെ ഇല്ലെന്ന് സുധിന്‍ സാക്ഷ്യപ്പെടുത്തുന്നു.  കുടുംബത്തിന് വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഇടമായി ഇന്ന് ഇവിടം മാറിയിരിക്കുകയാണ്.
പീ കെ സി ഐ സി എസ് കോളെജിലെ ജേര്‍ണലിസം വിഭാഗം അധ്യാപകനും വീക്ഷണം ദിനപത്രത്തിലെ സബ് എഡിറ്ററുമായ സുധിന്‍ സംഗീതരംഗത്തും കഴിവ് തെളിയിച്ച വ്യക്തിയാണ്. സ്‌കൂള്‍ കോളെജ് കലോത്സവങ്ങളിലും കേരളോത്സവ മത്സരങ്ങളിലും    ഗിറ്റാര്‍ വായനയില്‍ സംസ്ഥാന ജില്ലാ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് ഇപ്പോൾ എം ഹബ് മ്യൂസിക് ബാൻഡിലെ അംഗം കൂടിയാണ്. അമ്മ തങ്കവും അച്ഛന്‍ സുരേന്ദ്രനും സഹോദരൻ നിധിനും സഹപ്രവര്‍ത്തകരും പിന്തുണയും പ്രോത്സാഹനവുമായി ഒപ്പം തന്നെയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close