localTechnologytop news

ശിശുദിനത്തിൽ യു.എൽ. സ്പേസ് ക്ലബ്ബിന്റെ 25–ാമതു വെബിനാർ, വിഷയാവതാരകർ കുട്ടികൾ

കോഴിക്കോട്: യു.എൽ. സ്പേസ് ക്ലബ്ബ് നടത്തിവരുന്ന സ്പേസ് വെബിനാറുകൾ 25-ലേക്ക്. ശിശുദിനമായ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് 25–ാമതു വെബിനാർ. “ചാച്ചാ നെഹ്രുവും ഇൻഡ്യൻ ശാസ്ത്രവികാസത്തിൽ അദ്ദേഹത്തിന്റെ പങ്കും” എന്നതാണു വിഷയം. ഇതോടനുബന്ധിച്ച് യു.എൽ. സ്പേസ് ക്ലബ്ബിന്റെ വെ‌സൈറ്റ് ഉദ്ഘാടനവും നടക്കും. പരിപാടി youtube.com/c/ULSPACECLUB എന്ന യൂറ്റ്യൂബ് ചാനലിലും facebook.com/UL-SPACE-CLUB-106083031153213/ എന്ന ഫേസ്‌ബുക്ക് പേജിലും തത്സമയം കാണാം.

കോഴിക്കോട് സർവ്വകലാശാലാ വൈസ് ചാൻസലർ പ്രൊഫ: ഡോ: എം.കെ. ജയരാജ് വെബ്‌സൈറ്റും വെബിനാറും ഉദ്ഘാടനം ചെയ്യും. ക്ലബ്ബിലെ സ്റ്റുഡന്റ് ഫെലോ കെ. വരുൺ, അംഗങ്ങളായ ആദിദേവ്, ഹവീഷ് വി. എന്നീ വിദ്യാർത്ഥികളാണ് വെബിനാറിലെ വിഷയാവതാരകർ.

യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ കോഴിക്കോട് സർവ്വകലാശാലയുടെ കമ്പ്യൂട്ടർ സെന്ററിന്റെ ഡയറക്റ്ററും കമ്പ്യൂട്ടർ സയൻസ് വിഭാഗം അസി. പ്രൊഫസറുമായ ഡോ: ലജീഷ് വി.എൽ. മുഖ്യാതിഥിയാകും. ഐ.എസ്.ആർ.ഒ. മുൻഡയറക്ടർ ഇ.കെ. കുട്ടി ആമുഖപ്രഭാഷണം നടത്തും. ഐ.എസ്.ആർ.ഒ. മുൻ ഡെപ്യൂട്ടി ഡയറക്റ്റർ കെ. ജയറാം പിന്നിട്ട പാതകൾ പരിചയപ്പെടുത്തും.

എൻ.ഐ.റ്റി.സി. രസതന്ത്രവിഭാഗം മേധാവി ഡോ: എ. സുജിത്ത്, കോഴിക്കോട് സർവ്വകലാശാല ഭൗതികശാസ്ത്രവിഭാഗം മേധാവി ഡോ: മുഹമ്മദ് ഷഹീൻ, ബാലുശ്ശേരി ജി.എച്ഛ്.എസ്.എസിലെ യു,കെ, ഷജിൽ എന്നിവർ ആശംസ നേരുന്ന യോഗത്തിൽ ഡോ: ഇ.പി.എ. സന്ദേശ്, വാഗ്ഭടാനന്ദ എജ്യൂ പ്രോജക്റ്റ് കോർഡിനേറ്റർ ഡോ: റ്റി. ദാമോദരൻ എന്നിവരും സംസാരിക്കും.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ സാമൂഹികസേവനവിഭാഗമായ യു.എൽ. ഫൗണ്ടേഷന്റെ സംരംഭമാണ് യു.എൽ. സ്പേസ് ക്ലബ്ബ്. എട്ടു മുതൽ 12 വരെ ക്ലാസുകളിൽനിന്നു പൊതുപരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്നവർക്കാണ് അംഗത്വം നല്കുക. മൂന്നു വർഷമായി പ്രവർത്തിക്കുന്ന ക്ലബ്ബിൽ നിലവിൽ 38 അംഗങ്ങളുണ്ട്. അമേരിക്കയിലും മറ്റുമുള്ള മികച്ച സ്പേസ് ക്ലബ്ബുകളുടെ നിലവാരത്തോടു കിടപിടിക്കുന്ന ഈ ക്ലബ്ബിൽ എല്ലാം സൗജന്യമാണ്. കോവിഡിന്റെ സാഹചര്യത്തിലാണ് പതിവു പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് പ്രമുഖർ പങ്കെടുക്കുന്ന വെബിനാറുകളിലേക്കു ക്ലബ്ബ് മാറിയത്.

ബഹിരാകാശശാസ്ത്രരംഗത്ത് 45 കൊല്ലത്തെ അനുഭവസമ്പത്തും പരിജ്ഞാനവുമുള്ള ഐ.എസ്.ആർ.ഒ. മുൻ ഡയറക്റ്റർ ഇ.കെ. കുട്ടിയാണ് സ്പേസ്‌ ക്ലബ്ബിന്റെ മെന്റർ. ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഭരണവിഭാഗം മേധാവിയായി പ്രവർത്തിച്ച അനുഭവസമ്പത്തുമുള്ള ഇദ്ദേഹമാണ് ക്ലബ്ബിന്റെ ചുക്കാൻ പിടിക്കുന്നത്.

ദേശീയ-രാജ്യാന്തരതലങ്ങളിലെ പ്രഗത്ഭരായ ബഹിരാകാശശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചു ക്ലാസുകളും പരിശീലനങ്ങളും ക്യാമ്പുകളും ഐ.എസ്.ആർ.ഒ. പോലുള്ള സ്ഥാപനങ്ങളിലേക്കുള്ള പഠനയാത്രകളും ഒക്കെ ക്ലബ്ബ് നടത്തുന്നുണ്ട്. സ്പേസ് സയൻസിൽ ഔദ്യോഗികജീവിതം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് ബഹിരാകാശശാസ്ത്രവും അതിന്റെ സാങ്കേതികവിദ്യാമേഖലയുമായി നല്ല ബന്ധം സ്ഥാപിക്കാൻ യു.എൽ. സ്പേസ് ക്ലബ്ബ് അവസരം ഒരുക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close