KERALATechnologytop news
യു.എൽ. സൈബർ പാർക്കിൽ ആറു കമ്പനികൂടി; വൈകാതെ ഒൻപതു സ്റ്റാർട്ടപ്പുകളും
കോവിഡ് കാലത്തും വളർച്ചയും തൊഴിൽസൃഷ്ടിയും
കോഴിക്കോട്: മലബാറിന്റെ ഐ.റ്റി. വികസനം ത്വരിതപ്പെടുത്തി കോഴിക്കോട് യു.എൽ. സൈബർ പാർക്കിൽ ആറു കമ്പനികൾ കൂടി പ്രവർത്തനം തുടങ്ങുന്നു. ഒൻപതു സ്റ്റാർട്ടപ്പുകളും വൈകാതെ ഇവിടേക്ക് എത്തും. 42 കമ്പനികളും 36 സ്റ്റാർട്ടപ്പുകളും അടക്കം 78 സ്ഥാപനങ്ങൾ നിലവിലുള്ള പാർക്കിൽ ഇതോടെ 48 കമ്പനികളും 45 സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ 93 സ്ഥാപനങ്ങളാകും. പ്രത്യേക സാമ്പത്തിക മേഖലാ പദവിയുള്ള യു.എൽ. സൈബർ പാർക്കിൽ പ്രവർത്തിക്കുക്കാനുള്ള അംഗീകാരവും പുതിയ കമ്പനികൾക്കു ലഭിച്ചുകഴിഞ്ഞു.
പുതിയതായി വന്ന കമ്പനികൾ ഹൈപ്പർബ്ലോക്സ് ഇന്ത്യ (Hyperblox India Private Limited), ടെലി സ്റ്റേഷൻ (Telestation Private Limited), പാംട്രിസ് ടെക്നോളോജിസ് (Palmtrix Technologies), ഐഓകോഡ് ഇൻഫോടെക് (IOCOD Infotech Private Limited), ടെക് ടാഡ് (TECHTADD Private Limited), എയ്ത് അനലിറ്റിക്ക (Aeth Analytica Pvt Ltd) എന്നിവയാണ്.
ടെലികോം സർവീസസ്, ഇ-കൊമേഴ്സ്, മൊബൈൽ അപ്ലിക്കേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, ഫ്ലീറ്റ് മാനേജ്മെന്റ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, എഡ്യൂക്കേഷൻ, ഹെൽത്ത് കെയർ, എംപ്ലോയ്‌മെന്റ് സെക്ടർ, ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽ, മീഡിയ, ട്രാൻസ്പോർട്ടേഷൻ, എഞ്ചിനീയറിങ്, എ.ഐ. സൊല്യൂഷൻസ് തുടങ്ങിയ മേഖലയിലാണ് ഈ കമ്പനികൾ പ്രവർത്തിക്കുന്നത്. പൂർണമായും യു.എസ്., യുറോപ്പ്, ഗൾഫ് രാജ്യങ്ങളാണ് ഈ കമ്പനികളുടെ ഉപഭോക്താക്കൾ.
നിലവിൽ യു.എൽ. സൈബർ പാർക്കിലുള്ള ഐ.റ്റി. ജീവനക്കാരുടെ എണ്ണം 2046 കടന്നു. കോവിഡ് കാലത്ത് ആക്‌ഷൻ എഫ്.ഐ. ടെക്നോളോജിസ് നടത്തിയ 46 ഉം ഗ്രിഡ്സ്റ്റോൺ ടെക്നോളോജിസ് നടത്തിയ 40 ഉം നിയമനങ്ങൾകൂടി ഉൾപ്പെടയാണിത്.
ഇതിനുപുറമെ പുതിയ കമ്പനികൾ ഒരു വർഷത്തിനുള്ളിൽ 475 ഐ ടി ജീവനക്കാരെക്കൂടി നിയമിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. അവയ്ക്ക് ആകർഷകമായ വികസനപദ്ധതികളുമുണ്ട്. തുടർച്ചയായ വളർച്ച കാണിക്കുന്ന മറ്റു കമ്പനികളുടേതിനു സമാനമായ പ്രകടനമാണ് ഇവയും ലക്ഷ്യമിടുന്നത്.
കോവിഡ് കാലത്തും നൂറുകണക്കിനു തൊഴിലവസരം സൃഷ്ടിച്ചു വാർത്തയിൽ ഇടം നേടിയ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ ഐ.റ്റി. പാർക്കാണ് ഇതേകാലത്തു വളർച്ചയും തൊഴിലും സൃഷ്ടിച്ചിരിക്കുന്നത്. ഐറ്റി അടിസ്ഥാനസൗകര്യത്തിൽ മൂന്നാം സ്ഥാനമുള്ള കോഴിക്കോടിന് ആ പദവി നേടിക്കൊടുത്തതും കൂടുതൽ ഐ ടി കമ്പനികളെ ആനയിക്കുന്നതും മലബാറിലെ ആദ്യ ഐ.റ്റി. പാർക്കായ യു.എൽ. സൈബർ പാർക്കാണ്. കോഴിക്കോട് നഗരത്തിൽ എല്ലാ ഗതാഗതസൗകര്യങ്ങളും അനുകൂലമായ സ്ഥാനത്താണു പാർക്ക്.
പാർപ്പിടരംഗം മുതൽ മാനവവിഭവവികസനം വരെയുള്ള ആധുനികസാങ്കേതികവിദ്യാസേവനങ്ങൾ പ്രദാനം ചെയ്യുന്ന ആഗോളസ്ഥാപനങ്ങൾക്കെല്ലാം ഇണങ്ങുന്ന സുസജ്ജമായ ഇടമാണു സൈബർ പാർക്ക്. ആഗോളനിലവാരം ഉള്ളതും പ്രശാന്തസുന്ദരവും ഹരിതവും മലിനീകരണമുക്തവുമായ ഒരു ജൈവവ്യൂഹമായി രൂപകല്പന ചെയ്തിയ്യുള്ള 27 ലക്ഷം ചതുരശ്രയടി പാർക്കിൽ സംരംഭകർക്ക് ആയിരം മുതൽ ഒരുലക്ഷം വരെ ചതുരശ്രയടി വിസ്തൃതിയിൽ സ്ഥലം എടുക്കാനാകും. നടന്നെത്താവുന്ന ദൂരത്തിൽ പർപ്പിടസൗകര്യവും ഉണ്ട്.