KERALAtop news

പാലുല്‍പ്പാദനത്തില്‍ കേരളം സ്വയം പര്യാപ്തതയില്‍- മന്ത്രി കെ രാജു ഡോ. വര്‍ഗീസ് കുര്യന്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കോഴിക്കോട്: പാലുല്‍പ്പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലെത്തിയെന്ന് സംസ്ഥാന ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. രാജ്യത്തെ ധവളവിപ്ലവത്തിന്‍റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്‍റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ മാസത്തോടെ കേരളത്തിലാവശ്യമായ പാല്‍ ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്ന അവസ്ഥയാകുമെന്ന് മന്ത്രി പറഞ്ഞു. ഇതു വഴി ഡോ. വര്‍ഗീസ് കുര്യന്‍ സ്വപ്നം കണ്ട സ്വയംപര്യാപ്തതയിലേക്ക് കേരളം കാലെടുത്തു വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പാലുല്‍പ്പാദനം ഗണ്യമായി വര്‍ധിച്ചു. സംസ്ഥാനത്തിന്‍റെ പുറത്ത് നിന്ന് പാല്‍ ഇറക്കുമതി ചെയ്യേണ്ട ആവശ്യം ഇനിയുണ്ടാകില്ല. മലബാര്‍ മേഖലയില്‍ ആവശ്യത്തില്‍ കൂടുതല്‍ പാലുല്‍പാദനം നടക്കുന്നുണ്ട്. അതിനാല്‍ തന്നെ അധികമുള്ള പാല്‍ പാല്‍പ്പൊടിയാക്കാനായി പൊതുമേഖലയില്‍ കമ്പനി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മില്‍മ മലബാര്‍ യൂണിയന്‍റെ കീഴിലായിരിക്കും ഈ സ്ഥാപനമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്‍റെ ഗാരന്‍റിയോടെയാകും സ്ഥാപനം തുടങ്ങുന്നത്. നബാര്‍ഡിന്‍റെ സാമ്പത്തിക സഹായം, അംഗീകാരം എന്നിവ തയ്യാറായിക്കഴിഞ്ഞു. സാങ്കേതിക സഹായമടക്കമുള്ളവ നാഷണല്‍ ഡയറി ഡെവലപ്മന്‍റ് ബോര്‍ഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഡോ. കുര്യന്‍ സ്ഥാപിച്ച ആനന്ദ് മോഡല്‍ യഥാര്‍ത്ഥ ജനാധിപത്യ പ്രക്രിയയാണ്. രാജ്യത്തെ ക്ഷീരകര്‍ഷകര്‍ക്ക് ഭീഷണിയാകുന്ന ആര്‍സിഇപി കരാറില്‍ ഇന്ത്യ ഒപ്പു വയ്ക്കാത്തത് സ്വാഗതാര്‍ഹമാണ്. കരാറില്‍ ഒപ്പു വയ്ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ക്ഷീരമേഖല ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
മലയാളത്തെയും കേരളത്തെയും എന്നും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നയാളായിരുന്നു ഡോ. കുര്യനെന്ന് അദ്ദേഹത്തിന്‍റെ മകള്‍ നിര്‍മ്മല കുര്യന്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. മലബാര്‍ യൂണിയന്‍ ആസ്ഥാനത്ത് ഡോ. കുര്യന്‍റെ അര്‍ധകായ പ്രതിമ അവര്‍ അനാച്ഛാദനം ചെയ്തു. പല അന്താരാഷ്ട്ര വേദികളിലും മലയാളത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഭാഷയാണ് മലയാളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നുവെന്ന് അവര്‍ പറഞ്ഞു.
ഡോ. വര്‍ഗീസ് കുര്യന് ഭാരതരത്ന നല്‍കണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷത്തിലധികം ക്ഷീരകര്‍ഷകര്‍ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാര്‍ഡുകളയക്കും. ഇതിന്‍റെ ഭാഗമായി ചടങ്ങില്‍ സംബന്ധിച്ചവര്‍ കാര്‍ഡുകള്‍ ഒപ്പിട്ട് പോസ്റ്റ് ബോക്സില്‍ നിക്ഷേപിച്ചു. മില്‍മയുടെ രൂപീകരണത്തിലൂടെ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനാവുമെന്ന് പഠിപ്പിച്ചത് ഡോ. വര്‍ഗീസ് കുര്യനാണ്. ഇന്ന് പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തതയിലെത്തി എന്നു മാത്രമല്ല, എത്ര പാല്‍ ഉത്പാദിപ്പിച്ചാലും അത് സ്വീകരിക്കാന്‍ പാകത്തിന് മില്‍മ മാറിക്കഴിഞ്ഞു. കര്‍ഷകര്‍ക്ക് യഥാര്‍ത്ഥ വില നല്‍കുകയെന്നതാണ് മില്‍മയുടെ ലക്ഷ്യം. വിദേശത്തു നിന്ന് തൊഴില്‍മതിയാക്കി തിരികെ വരുന്നവരും ചെറുകിട ക്ഷീരോത്പാദന യൂണിറ്റ് ആരംഭിക്കുന്നത് ഈ മേഖലയിലുള്ള വിശ്വാസം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോ. കുര്യനോടുള്ള ആദര സൂചകമായി വ്യാഴാഴ്ച എല്ലാ മില്‍മാ സഹകരണ സംഘങ്ങളിലും അദ്ദേഹത്തിന്‍റെ ഛായാചിത്രത്തിനു മുന്നില്‍ ദീപം തെളിയിച്ചു. ഡോ. കുര്യന്‍റെ ജډശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ പുറത്തിറക്കുന്ന തപാല്‍ കവര്‍ വെറ്റിനറി സര്‍വകലാശാല വിസി ഡോ. എം ആര്‍ ശശീന്ദ്രനാഥ് ഓണ്‍ലൈനായി പ്രകാശനം ചെയ്തു. അന്യസംസ്ഥാന പാലിനെതിരായ മില്‍മയുടെ അനിമേഷന്‍ പ്രചാരണ ആല്‍ബം പി എ ബാലന്‍ മാസ്റ്റര്‍ പുറത്തിറക്കി. ഡോ. കുര്യന്‍ ജډശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്‍റെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക പാല്‍ കവര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് മണി, തിരുവനന്തപുരം യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ്, എറണാകുളം യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ ദക്ഷിണമേഖല വൈസ് ചെയര്‍മാന്‍ ഡോ. പി ഐ ഗിവര്‍ഗീസ്, എന്‍ഡിഡിബി പ്രതിനിധി റോമി ജേക്കബ്, മില്‍മ മലബാര്‍ യൂണിയന്‍ എംഡി കെ എം വിജയകുമാരന്‍, ഡയറി സയന്‍സ് കോളേജ് ഡീന്‍ ഡോ. പി സുധീര്‍ ബാബു, എംഡിആര്‍എഫ് സിഇഒ ജോര്‍ജ്ജുകുട്ടി ജേക്കബ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസര്‍ച്ച് പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ഇ ജയശ്രീ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close