മുക്കം: ഇരുവഞ്ഞിപ്പുഴയിൽ നീർനായയുടെ ആക്രമണം വീണ്ടും പെരുകുന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ഇടവഴിക്കടവ്, പുറമണ്ണ്, കഴുത്തുട്ടിപുറായ് എന്നീ ഭാഗങ്ങളിൽ കഴിഞ്ഞദിവസം നിരവധി പേർക്ക് നീർനായയുടെ കടിയേറ്റു. കട്ടയാട്ട് ആയിശ, ഇസ്മായിൽ, പുതുക്കുടിക്കുന്നത്ത് റംല, കട്ടയാട്ട് കോയിസൻ എന്നിവരാണ് ആക്രമണത്തിനിരയായത്. പരുക്കേറ്റ ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചേന്ദമംഗലൂർ, കൊടിയത്തൂർ, കാരശേരി ഭാഗങ്ങളിലുള്ള ചെറിയ കുട്ടികൾ ഉൾപ്പടെ പത്തോളം ആളുകൾക്ക് മാസങ്ങൾക്ക് മുൻപ് നീർനായയുടെ കടിയേറ്റിരുന്നു. കഴിഞ്ഞ മാസം ഏഴാം തിയതി അമ്പലക്കണ്ടി കടവിൽ കുളിച്ചുകൊണ്ടിരിക്കെ പരിസരവാസിയെ നീർനായ കടിച്ചിരുന്നു. കക്കാട് സ്വദേശി പി.എം മുഹമ്മദിന് ഈ വർഷാദ്യം നീർനായയുടെ കടിയേറ്റിരുന്നു. നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ടി.കെ ജുമാനെ നീർനായ അക്രമിച്ച് പരിക്കേൽപ്പിച്ചത് കഴിഞ്ഞ മെയ് മാസമായിരുന്നു. നോർത്ത് ചേന്ദമംഗലൂർ ആറ്റുപുറം കടവിൽ കുട്ടികളോടൊപ്പം കുളിച്ചു കൊണ്ടിരിക്കെയായിരുന്നു പൊടുന്നനെയുള്ള ആക്രമണം. നാട്ടുകാർ ഒന്നടങ്കം ഇരുവഴിഞ്ഞിപ്പുഴയെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുപിടിക്കാനായി പരിശ്രമിക്കുന്നതിനിടെ നടന്ന അക്രമണം നാട്ടിലാകെ ഭീതി പരത്തിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ വെസ്റ്റ് കൊടിയത്തൂർ കുന്നത്ത് സവാദിനേയും കാരശേരി സ്വദേശിയായ ഒരു യുവതിയേയും ആക്രമിച്ച് പരുക്കേൽപ്പിച്ചു. എന്നാൽ അധികൃതർ ആവർത്തിച്ചുവരുന്ന അപകടങ്ങൾ അവഗണിച്ചതിന്റെ ഫലമായി ഈയടുത്തായി പുഴയിലിറങ്ങിയ ചെറിയ കുട്ടികൾ ഉൾപ്പടെ നിരവധി പേർക്ക് നീർനായയുടെ ക്രൂരമായ ആക്രമണം ഏൽക്കേണ്ടി വന്നിട്ടുണ്ട്. നീർനായകളുടെ ആക്രമണം തുടർക്കഥയായിരിക്കെ പുഴയെ ആശ്രയിക്കുന്നവരുടെയും കുളിക്കാനിറങ്ങുന്നവരുടെയും ജീവൻ രക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് ഏറെ പഴക്കമുണ്ട്. നീർനായകൾ വന്യജീവി വിഭാഗത്തിലായതിനാൽ വനം വകുപ്പ് ഇവയെ കൂട് വെച്ച് പിടിക്കുന്നതിന് സംവിധാനമൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.