കോഴിക്കോട്: സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുമെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ എന്‍ഡിഎ സംഘടിപ്പിച്ച കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥി സംഗമവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ ഒരു പടയാളി മാത്രമാണ് താന്‍. മോദിയുടെ സംശുദ്ധ ഭരണമാണ് മാതൃക. ആ മാതൃകയ്ക്കാണ് വോട്ട് തേടുന്നത്. ഈ തവണ ഒരു അവസരം തന്നാല്‍ വികസനം എന്തെന്ന് ബിജെപി കാണിച്ചു തരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് കോര്‍പ്പറേനില്‍ ഭരിക്കാന്‍ തന്നെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഹൈദരാബാദില്‍ നാലില്‍ നിന്ന് നാല്പതില്‍ എത്താമെങ്കില്‍ കോഴിക്കോട് ഏഴില്‍ നിന്ന് കേവല ഭൂരിപക്ഷത്തിലും എത്തിക്കാം. എന്‍ഡിഎ ഭരിക്കുകയാണെങ്കില്‍ കോര്‍പ്പറേഷന്‍ ഓരോരുത്തരുടെയും വീടുകളില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ പരിധിയില്‍ പിഎംഎവൈ പദ്ധതിപ്രകാരം ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ കൗണ്‍സിലര്‍ എന്‍. സതീഷ് കുമാറിന് സുരേഷ് ഗോപി എംപി ഉപഹാരം നല്‍കി. യുവമോര്‍ച്ച ജില്ലാപ്രസിഡന്റും പുതിയറ വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ടി. രനീഷിന്റെ പ്രകടനപത്രിക കെ. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം.ടി. രമേശ് തുടങ്ങിയവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.
സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, അഡ്വ. എസ്. സുരേഷ് കുമാര്‍, സംസ്ഥാന വക്താവ് അഡ്വ. പി.ആര്‍. ശിവശങ്കര്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിതാ സുബ്രഹ്മണ്യന്‍, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, ബിഡിജെഎസ് ജില്ലാ ട്രഷറര്‍ സതീഷ് കുറ്റിയില്‍, കാമരാജ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സന്തോഷ് കാളിയത്ത്, ബിജെപി മേഖലാ വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്‍, മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.കെ. പ്രേമന്‍, അഡ്വ. കെ.വി. സുധീര്‍, ജില്ലാ സെക്രട്ടറി എം. രാജീവ് കുമാര്‍, ജില്ലാ സെല്‍ കോ – ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി, വിവിധ മണ്ഡലം പ്രസിഡന്റുമാരായ സി.പി. വിജയകൃഷ്ണന്‍, കെ. ഷൈബു, സി.പി. സതീഷ്, ഷിനു പിണ്ണാണത്ത് തുടങ്ങിയവര്‍ സംസാരിച്ചു.