കോഴിക്കോട് : ഒറ്റച്ചങ്ങലയിലെ കണ്ണികളെന്ന പോലെ നഗര ഭരണം മുന്നോട്ട് കൊണ്ടുപാകുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്. മേയറായി ചുമതലയേറ്റ ശേഷം കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പോസറ്റീവും സത്യസന്ധവുമായ വിമർശനം ജനാധിപത്യത്തിന് കരുത്തേകുന്നതിനാൽ അവ നല്ല മനസോടെ സ്വീകരിക്കും. കക്ഷി രാഷ്ട്രീയം മറന്ന് ഒരുമിച്ച് നഗരത്തെ മുന്നോട്ട് നയിക്കണം.
15ാമത്തെ വയസിൽ കോഴിക്കോട്ട് വന്നു. ഇവിടെ പഠിച്ചു. ഇവിടെതന്നെ ജോലിചെയ്യുകയും ജീവിക്കുകയും ചെയ്ത തനിക്ക് കോഴിക്കോട്ടുകാരുടെ ഉള്ളിൽ തട്ടിയ സ്നേഹം അറിയാൻ സാധിച്ചു.
ഭരണം തുടർച്ചയാണ്. ഒരാൾ പെട്ടെന്ന് വിപ്ലവം ഉണ്ടാക്കാൻ പോകുന്നില്ല. 24 അംഗങ്ങളിൽ നിന്ന് തുടങ്ങി 75 അംഗങ്ങളായ കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷന്റെ ചരിത്രത്തിലെ കണ്ണിമാത്രമാണ് താൻ.
കഴിഞ്ഞ കൗൺസിലിന്റെ തുടർച്ചയായ പ്രവർത്തനങ്ങളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും പൂർത്തിയാക്കും. അതിൽ ഏറ്റവും വേഗത്തിൽ നടപ്പാക്കണ്ട അടിയന്തര സ്വഭാവമുള്ള കാര്യങ്ങൾ തെരഞ്ഞെടുത്ത് ഉടൻ നടപ്പാക്കുകയാണ് പ്രധാന ദൗത്യം. ജനങ്ങളുമായി സംവദിച്ച് അവരുടെ അഭിപ്രായ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് തീരുമാനമെടുക്കുക. എം.പിമാരുടെയും എം.എൽ.എമാരുടെയുമെല്ലാം സഹകരണത്തോടെ കോർപ്പറേഷൻ മുൻകൈയ്യെടുത്ത് നഗരത്തിനാവശ്യമായ പദ്ധതി നടപ്പാക്കും. ഖരമാലിന്യ നിർമാർജനമാണ് അടിയന്തര പ്രാധാന്യമുള്ള വിഷയം. അതിന്റെ പ്ലാന്റ് നിർമാണം തുടരുകയാണ്. ഫലപ്രദമായി ആരംഭിച്ച് കോഴിക്കോട്ടുകാരെ കാണിക്കും. ജനങ്ങൾക്ക് ഞെളിയമ്പറമ്പ് പോലെ മണമുള്ള അന്തരീക്ഷം ഇനി ഉണ്ടാകില്ലെന്ന ഉറപ്പ് കൊടുക്കണമെന്നുണ്ട്. ജനങ്ങളുടെ വിശ്വാസം ആർജിക്കും. മാലിന്യം സംസ്കരിക്കുന്നതിനെതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാദ്ധ്യത ഇല്ലാതാക്കും-മേയർ പറഞ്ഞു.
വിമർശനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കും:ഡെപ്യൂട്ടി മേയർ
കോഴിക്കോട്: വിമർശനങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടാവും പ്രവർത്തിക്കുകയെന്ന് ഡെപ്യൂട്ടിമേയർ സി.പി.മുസഫർ അഹമ്മദ് പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷക്ക് ഒത്തുയരാൻ പരമാവധി ശ്രമിക്കും. ജനങ്ങളുടെ ആഗ്രഹങ്ങൾ പലതും സഫലമാക്കി മുന്നേറുക വെല്ലുവിളിയാണ്. പരിമിതികളും സാധ്യതയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയും ജനങ്ങളിലേക്കും ആ തിരിച്ചറിവ് ഉണാക്കിയാലും മാത്രമേ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഭരിക്കാനാവൂവെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.