KERALAlocaltop news

കാലിക്കറ്റ് പ്രസ് ക്ലബ് മുഷ്​ത്താഖ്​ അവാർഡ്​ സി.പി.ബിനീഷിനും ദീപപ്രസാദിനും

കോഴിക്കോട്​: കാലിക്കറ്റ്​ പ്രസ്​ ക്ലബ്ബി​ന്റെ മുഷ്​ത്താഖ്​ സ്​പോർട്​സ്​ ജേണലിസം അവാർഡിന്​ മാധ്യമം കേഴിക്കോട്​ ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ സി.പി.ബിനീഷും ഫോ​ട്ടോഗ്രാഫി അവാർഡിന്​ സുപ്രഭാതം തിരുവനന്തപുരം സീനിയര്‍ ഫോട്ടോഗ്രാഫര്‍
ദീപപ്രസാദ് ടി.കെയും അർഹരായി. .
പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ.മുഹമ്മദ്​കോയ എന്ന മുഷ്​ത്താഖി​ന്റെ സ്​മരണാർഥം കോഴിക്കോട്​ ജില്ലാ ഫുട്​ബാൾ അഅസോസിയേഷൻ്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ അവാർഡ്​ 10,000 രൂപയും പ്രശസ്​തി പത്രവുമടങ്ങുന്നതാണ്​.
2019 നവംബർ 26 മുതൽ 29 വരെ ‘മാധ്യമ’ത്തിൽ പ്രസിദ്ധീകരിച്ച, കായിക താരങ്ങളായ കുട്ടികളെയും രക്ഷിതാക്കളെയും തട്ടിപ്പിനിരയാക്കുന്നതിനെക്കുറിച്ചുള്ള ‘കുട്ടിക്കളിയിലെ വലിയ കളികൾ’എന്ന ലേഖന പരമ്പരക്കാണ്​ ബിനീഷിന്​ പുരസ്​കാരം. ​പ്രമുഖ കളിയെഴുത്തുകാരായ എ.എൻ. രവീന്ദ്രദാസ്​, കമാൽ വരദൂർ, സി.പി. വിജയകൃഷ്​ണൻ എന്നിവരടങ്ങിയ ജൂറിയാണ്​ അവാർഡ്​ നേടിയ പരമ്പര തെരഞ്ഞെടുത്തതെന്ന്​ പ്രസ്​ ക്ലബ്ബ്​ പ്രസിഡൻറ്​ എം.ഫിറോസ്​ഖാനും സെക്രട്ടറി പി.എസ്​.രാകേഷും പത്രക്കുറിപ്പിൽ അറിയിച്ചു.
ഇതേ കായികപരമ്പരയ്ക്ക്  ഇടുക്കി പ്രസ് ക്ലബി​ന്‍റെ കെ.പി ഗോപിനാഥ്  മാധ്യമ പുരസ്കാരം സി.പി. ബിനീഷിന് ലഭിച്ചിരുന്നു. 2003 മുതൽ മാധ്യമം പത്രാധിപ സമിതി അംഗമായ സി.പി ബിനീഷ് നിരവധി ദേശീയ, അന്താരാഷ്ട്ര കായികമത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ഉണ്ണികുളം പൂനൂർ ചായിപാറയിൽ രാഘവൻ നായരുടെയും സരോജിനിയുടെയും മകനാണ്.  ഭാര്യ: ബവിത. മക്കൾ: അനോമ, ആരാധ്യ.
2019 ഡിസംബർ ഒമ്പതിന്​ ടൈംസ്​ ഓഫ്​ ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ‘കൈവിട്ട കളി’ എന്ന ചിത്രമാണ്​ ദീപ പ്രസാദിനെ അവാർഡിന്​ അർഹനാക്കിയത്​. തിരുവനന്തപുരത്ത്​ നടന്ന ഇന്ത്യ-വെസ്​റ്റിൻഡീസ്​ ട്വൻറി ട്വൻറി ക്രിക്കറ്റ്​ മൽസരത്തിൽ റിഷഭ്​ പന്തി​ൻറ കൈയിൽ നിന്ന്​ ബാറ്റ്​ തെറിക്കുന്ന ചിത്രത്തിനാണ്​ അവാർഡ്​.പ്രമുഖ ഫോ​ട്ടോഗ്രാഫർമാരായ അജീബ്​ കൊമാച്ചി, വൽസൻ മേലേപ്പാട്ട്​, പ്രമുഖ കളിയെഴുത്തുകാരൻ പി.കെ.രവീന്ദ്രൻ എന്നിവരടങ്ങുന്ന ജൂറിയാണ്​ അവാർഡ്​ ജേതാവിനെ തെരഞ്ഞെടുത്തത്​.
കണ്ണൂര്‍ പിണറായി പാറപ്രം പ്രസാദം വീട്ടില്‍ ആര്‍.കെ ഗിരിധരന്റെയും ടി.കെ കാര്‍ത്ത്യായനിയുടേയും മകനാണ് ദീപപ്രസാദ്​. ഭാര്യ: പി. എസ് രശ്മി (റിപ്പോര്‍ട്ടര്‍, ജനയുഗം തിരുവനന്തപുരം).
കണ്ണൂര്‍ പ്രസ്സ് ക്ലബ് വിക്ടര്‍ ജോര്‍ജ് സ്മാരക ഗോള്‍ഡ് മെഡല്‍, കൊച്ചി ഫോട്ടോജേര്‍ണലിസ്റ്റ് ഫോറം സി.കെ ജയകൃഷ്ണന്‍ സ്മാരക ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ്,
ഐ.എഫ്.എഫ്.കെ. വാര്‍ത്താചിത്ര പുരസ്‌കാരം,
പൊലീസ് സ്മൃതി ദിന ഫോട്ടോഗ്രാഫി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close