കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ വിപുലമായ സജ്ജീകരണങ്ങളോടെ ജില്ലയില്‍ ഭാഗികമായി തുറന്നു. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുമാണ് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് പുതുവത്സരദിനത്തില്‍ ക്ലാസുകള്‍ ആരംഭിച്ചത്.
രണ്ട് ബാച്ചുകള്‍ ആയിട്ടാണ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ക്രമീകരിച്ചത്. ഒരു ബാച്ചില്‍ 50 ശതമാനം വിദ്യാര്‍ഥികളാണ് എത്തിയത്. മൂന്ന് മണിക്കൂറാണ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് സമയം. പ്രത്യേക ടൈംടേബിള്‍ പ്രകാരം രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയുമാണ് ക്ലാസ് നടക്കുക. കുടിവെള്ളം കൊണ്ടുവരാമെങ്കിലും മറ്റുള്ളവരുമായി പങ്കുവെക്കരുത്. ഭക്ഷണം കൊണ്ടുവരാന്‍ അനുവാദമില്ല.
വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയ ഉടനെ ശരീര ഊഷ്മാവ് പരിശോധിച്ച് സാനിറ്റൈസര്‍ നല്‍കിയ ശേഷമാണ് ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. മാസങ്ങളോളം വിദ്യാലയങ്ങൾ അടച്ചിട്ടതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. സ്‌കൂള്‍ പരിസരം, ടോയ്‌ലറ്റ്, ക്ലാസ്മുറികള്‍, വാട്ടര്‍ ടാപ്പ് എന്നിവ അണുനശീകരണം നടത്തി.
ശാരീരിക അകലം പാലിക്കുന്ന തരത്തിലാണ് ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളിലെ മാനസിക പിരിമുറുക്കവും ആകുലതകളും ഒഴിവാക്കുന്നതിന് സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാര്‍ പ്രത്യേക ക്ലാസുകള്‍ നല്‍കുന്നുണ്ട്. ഫെയ്‌സ് ഷീല്‍ഡും മാസ്‌കും ധരിച്ചാണ് അധ്യാപകര്‍ ക്ലാസെടുക്കുന്നത്. റിവിഷനും വിദ്യാര്‍ത്ഥികള്‍ക്ക് സംശയമുള്ള പാഠഭാഗങ്ങള്‍ വിശകലനം ചെയ്യുന്നതിനുമാണ് മുന്‍ഗണന. ഓൺലൈൻ ക്ലാസുകൾ നഷ്ടപ്പെട്ട കുട്ടികൾക്കായി അവയുടെ വീഡിയോ പ്രദർശിപ്പിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.