KERALAlocaltop news

വാഹനം ”സ്കെച്ച് ചെയ്ത്” മോഷണം; നാലംഗസംഘം അറസ്റ്റിൽ

രണ്ടുപേർ കുട്ടിക്കള്ളന്മാർ

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ രാത്രി കാലമോഷണവും വാഹനമോഷണങ്ങളും പിടിച്ചുപറികളും പതിവാക്കി ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിച്ച കുട്ടിക്കള്ളന്മാർ ഉൾപ്പെടെ നാലുപേരെ നോർത്ത് അസിസ്റ്റൻറ് കമ്മീഷണർ കെ അഷ്റഫിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര ഇൻസ്പെക്ടർ അനിൽ കുമാറും ചേർന്ന് പിടികൂടി.കുറ്റിച്ചിറ തലനാർ തൊടിക വീട്ടിൽ പുള്ളി എന്ന അറഫാൻ (18 വയസ്സ്), മുഖദാർ സ്വദേശി ഗാന്ധി എന്ന അജ്മൽ ബിലാൽ ( 18 വയസ്സ്), നടുവട്ടം, മുഖദാർ സ്വദേശികളായ രണ്ട് കുട്ടിക്കള്ളൻമാരുമാണ് പോലീസ് പിടിയിലായത്.

കോഴിക്കോട് നഗരത്തിൽ രാത്രി കാലങ്ങളിൽ കുട്ടിക്കള്ളൻമാർ ഉൾപ്പെടുന്ന സംഘം മോഷണം നടത്തുന്നതായി പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സിറ്റിയിലെ വിവിധ സ്റ്റേഷൻ പരിധികളിലെ ഫ്ലിപ്പ് കാർട്ട് ,ആമസോൺ തുടങ്ങിയ ഓൺലൈൻ സ്ഥാപനങ്ങളിലെ ഹബ്ബുകളിലും മറ്റ് കൊറിയർ സർവ്വീസ് സ്ഥാപനങ്ങളിലും
മോഷണം നടത്തിയത് ഇവരാണെന്ന് സമീപപ്രദേശങ്ങളിലെ സി.സി കാമറ ദൃശ്യങ്ങളിൽ നിന്നും പോലീസ് മനസ്സിലാക്കിയിരുന്നു. ഇത്തരം സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിലെ വർദ്ധിച്ചു വരുന്ന മോഷണം,പിടിച്ചുപറി പോലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി കോഴിക്കോട് സിറ്റി പോലീസ് ചീഫ് ഡി.ഐ.ജി എവി ജോർജ്ജ് ഐ .പി എസ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിന് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.

നിരവധി ക്രൈം കേസ് അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഒ.മോഹൻദാസ്
എം ഷാലു,ഹാദിൽ കുന്നുമ്മൽ,എ പ്രശാന്ത് കുമാർ,ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ,എ വി സുമേഷ് എന്നിവർ ഉൾപ്പെടുന്ന പുതിയ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങൾ മോഷണങ്ങൾ നടന്ന സ്ഥലങ്ങൾ പരിശോധിച്ച് പരമാവധി തെളിവുകൾ ശേഖരിച്ച് അന്വേഷണ ആരംഭിച്ചു.

രാത്രികാലങ്ങളിൽ സ്വകാര്യ വാഹനങ്ങളിലും അല്ലാതെയും പരിശോധന നടത്തിയ സംഘത്തിന് മോഷണം നടത്തിയവരെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുകയും ചെയ്തു. പിന്നീടുള്ള അന്വേഷണം ഇവരെ കേന്ദ്രീകരിച്ചായിരുന്നു.
അറഫാനാണ് ഇവരുടെ ടീം ലീഡർ എന്ന് മനസ്സിലാക്കിയ പോലീസ് കഴിഞ്ഞ ദിവസം പന്നിയങ്കര പോലീസും ക്രൈം സ്ക്വാഡും ചേർന്ന് കസ്റ്റഡിയിലെടുകയുമായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മോഷണത്തിൽ കൂടെ ഉണ്ടായിരുന്നവരെ കുറിച്ച് മനസ്സിലാവുകയും അജ്മൽ ബിലാലിനെ കസ്റ്റഡിയിലെടുക്കുകയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിക്കള്ളൻമാരെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിളിച്ചു വരുത്തുകയുമായിരുന്നു.അറഫാൻ നിയമത്തിൻ്റെ പരിരക്ഷ കിട്ടുമെന്ന രീതിയിൽ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാവാത്ത സുഹൃത്തുക്കളെ വച്ച് മോഷണം നടത്തിക്കാറാണെന്നും പോലീസ് പറഞ്ഞു.

പുതിയതായി കോഴിക്കോട് സിറ്റിയിൽ ക്രൈം സ്ക്വാഡ് രൂപീകരിച്ച ശേഷം രണ്ട് മാസം കൊണ്ട് നിരന്തരം ബൈക്കിലെത്തി മാല പിടിച്ചുപറിച്ച് നഗരത്തെ കിടുകിട വിറപ്പിച്ച സംഘത്തെയും കഴിഞ്ഞ ‘ ദിവസത്തെ അറസ്റ്റിൽ നിന്നും കോഴിക്കോട് സിറ്റിയിലെ കസബ, പന്നിയങ്കര,ടൗൺ, മെഡിക്കൽ കോളേജ്, ചേവായൂർ,വെള്ളിയിൽ, ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലെ നിരവധി വാഹനമോഷണ കേസുകൾ ഉൾപ്പെടെ *നാല്പതിലേറെ* കേസുകൾക്ക് പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും കോഴിക്കോട് സിറ്റി പോലിസ് കമ്മിഷണർ എ.വി ജോർജ്ജ് പറഞ്ഞു.

*അഡംബര ജീവിതം*

മോഷണത്തിലൂടെ കിട്ടുന്ന പണം ഉപയോഗിച്ച് ഇന്നോവ വാഹനം ലക്ഷങ്ങൾ ചിലവഴിച്ച് ഡ്രൈവർ സഹിതം വാടകക്കെടുത്ത് സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോയി ഒന്നോ രണ്ടോ ദിവസം കൊണ്ട് രണ്ട്ലക്ഷത്തോളം ചിലവഴിച്ച് ലഹരി വസ്തുക്കൾ ഉപയോഗിച്ചും നിശാ ക്ലബ്ബുകളിൽ പങ്കെടുത്തും ആഡംബര വസ്തുക്കൾ വാങ്ങിയും പൊടിപൊടിച്ചതിനുശേഷം തിരിച്ചു വന്ന് വീണ്ടും മോഷണം നടത്തുകയുമാണിവർ ചെയ്യുന്നത്.കൂടാതെ പതിനായിരത്തോളം രൂപ വിലവരുന്ന ബ്രാൻഡഡ് കമ്പനികളുടെ ഷൂകളും വസ്ത്രങ്ങളും ഉപയോഗിച്ചും സ്റ്റാർ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചും റൂമെടുത്തും സുഹൃത്തുക്കൾക്ക് ‘ട്രീറ്റ് ‘ ചെയ്തും പണം തീർക്കാറാണ് പതിവ്. ഇങ്ങനെ കസബ സ്റ്റേഷൻ പരിധിയിൽ നിന്നും ഒരു സ്ഥാപനത്തിൽ നിന്നും മോഷ്ടിച്ച 4 ലക്ഷത്തോളം രൂപ രണ്ട് ദിവസം കൊണ്ടാണ് തീർത്ത തായും പ്രതികൾ പോലീസിനോട് സമ്മതിച്ചു.

*മോഷണ രീതി*

ചുറ്റി കറങ്ങുന്നതിനിടയിൽ ഇവർ ആഗ്രഹിക്കുന്ന വാഹനങ്ങൾ കണ്ണിൽപ്പെട്ടാൽ അത്തരം വാഹനങ്ങളെ അവരറിയാതെ കിലോമീറ്ററുകളോളം വീടുകൾ വരെ പിൻതുടരുകയും വാഹനം വെക്കുന്ന സ്ഥലങ്ങൾ ‘സ്കെച്ച്’ ചെയ്ത് രാത്രികാലങ്ങളിൽ വീണ്ടും അവിടെയെത്തി ഉടമസ്ഥർ അറിയാതെ വാഹനങ്ങൾ മോഷണം നടത്തുകയാണ് രീതി. ഉടമസ്ഥർ അറിയാതിരിക്കാൻ വാഹനത്തിൻ്റെ കളർ, നമ്പർ പ്ലേറ്റ്,ബോഡി എന്നിവ മാറ്റി വിൽക്കുകയും, ഉപേക്ഷിക്കുകയും മോഷണത്തിന് ഉപയോഗിക്കുകയുമാണ് ചെയ്യാറ്.
യമഹ ആർ എക്സ് ബൈക്കുകളോട് ഏറെ കമ്പമുള്ള അർഫാൻ സുഹൃത്തുക്കൾക്കും ഗ്യാങ്ങ് അംഗങ്ങൾക്കും മറ്റും സൗജന്യമായും, വിലക്കും കൊടുക്കുന്നതിനായി മറ്റു കമ്പനികളുടെ ബൈക്കുകളും മോഷണം നടത്താറുണ്ട്.

വളരെ നേരത്തെ തന്നെ വീട്ടിൽ കയറുകയും രക്ഷിതാക്കളെല്ലാം ഉറങ്ങിയ ശേഷം വീടുവിട്ടിറങ്ങി *നൈറ്റ്* *റൗണ്ട് ഫണ്ടിനു* വേണ്ടി വാഹനങ്ങളിൽ കറങ്ങി ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും അസഭ്യവാക്കുകൾ വിളിച്ചു പറഞ്ഞും പിടിച്ചുപറിയും മോഷണവും നടത്തുകയും പോലീസ് വാഹനം കണ്ടാൽ അമിത വേഗതയിൽ ഓടിച്ചു പോകുകയോ അല്ലെങ്കിൽ ഇടവഴികളിലൂടെ രക്ഷപ്പെടുകയോ ആണെന്നും രാത്രി കാലങ്ങളിൽ തങ്ങളുടെ കുട്ടികൾ വീട്ടിനകത്തു തന്നെ ഉണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തണമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് പറയുന്നു.

വർഷങ്ങളായി മോഷ്ടിക്കുന്ന പല ബൈക്കുകളും ആവശ്യമായ പാട്സുകൾ എടുത്തശേഷം പുഴയിൽ ഉപേക്ഷിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ പണവും മൊബൈലും കളവ് നടത്തിയും,വീടുകളിലും മറ്റും നിർത്തിയിട്ട വാഹനങ്ങളിലെ പെട്രോളും ഡീസലും ഊറ്റുകയും ചെയ്താണ് ഇവരുടെ കളവിലേക്കുള്ള ആരംഭം

പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ പന്നിയങ്കര പോലീസ് സ്റ്റേഷനുകളിലെ ഫ്ലിപ്പ് കാർട്ട്, ആമസോൺ ഉൾപ്പെടെ നാലോളം സ്ഥാപനങ്ങളിലും കസബ പോലീസ് സ്റ്റേഷൻ പരിധിയിലെ കാളൂർ റോഡിലുള്ള ക്വറിയർ സ്ഥാപനത്തിൽ നിന്നും നാലു ലക്ഷം രൂപ കൂടാതെ രണ്ട് ആർ എക്സ് 100 ബൈക്കുകൾ ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആർ എക്സ് 100 ബൈക്കുകൾ ഉൾപ്പെടെ മൂന്നോളം ബൈക്കുകൾ ടൗൺ പോലീസ് സ്റ്റേഷനിലെ ക്വറിയർ സ്ഥാപനം, മെഡിക്കൽ കോളേജ് പരിധിയിൽ നിന്നും നിരവധി ബൈക്കുകൾ ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിലെ ബൈക്കുകളടക്കം ഇരുപതോളം കേസുകൾക്ക് തുമ്പുണ്ടായി.

ക്രൈം സ്ക്വാഡ് അംഗങ്ങളെ കൂടാതെ പന്നിയങ്കര പോലീസ് സബ്ബ് ഇൻസ്പെക്ടർമാരായ കെ.എം സന്തോഷ് മോൻ, ശശീന്ദ്രൻ നായർ,സീനിയർ സി.പി.ഒ കെ എം രാജേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ അറഫാനെയും അജ്മൽ ബിലാലിനേയും റിമാൻ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close