HealthKERALAlocaltop news

യു.കെ.യില്‍ നിന്നും വന്ന 6 പേര്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു

 

തിരുവനന്തപുരം: യു.കെ.യില്‍ നിന്നും വന്ന 6 പേര്‍ക്ക് സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശി (35), കോഴിക്കോട് സ്വദേശിനി (2), ആലപ്പുഴ സ്വദേശിനി (30), ആലപ്പുഴ സ്വദേശി (36), കോട്ടയം സ്വദേശിനി (20), കണ്ണൂര്‍ സ്വദേശി (29), എന്നിവരാണവര്‍. ഇവരെല്ലാം തന്നെ ചികിത്സയിലാണ്. ഇവരുമായി സമ്പര്‍ക്കമുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. എല്ലാവരുടെയും സമ്പര്‍ക്ക ലിസ്റ്റ് തയ്യാറാക്കി വരുന്നു. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ജാഗ്രത അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

യു.കെ.യില്‍ നിന്നും വന്ന 39 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു. അതിലാണ് 6 പേര്‍ക്ക് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

പുതിയ ജനിതക വകഭേദം വന്ന വൈറസിന് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ നാം വളരെ കരുതിയിരിക്കണം. എല്ലാവരും സ്വമേധയാ വെളിപ്പെടുത്താന്‍ തയ്യാറാകാണം. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരെങ്കിലുമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. ഭയപ്പെടേണ്ട കാര്യമില്ല. ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നതാണ്. നല്ല ശ്രദ്ധയോട് കൂടിയിരിക്കുക. മാസ്‌ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈകള്‍ ശുചിയാക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവ ഇനിയും തുടരേണ്ടതാണ്.

ഈ സാഹചര്യത്തില്‍ പ്രായമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. റിവേഴ്‌സ് ക്വാറന്റൈന്‍ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നന്നായി പ്രവര്‍ത്തിച്ചതുകൊണ്ട് മരണനിരക്ക് നന്നായി കുറയ്ക്കാന്‍ സാധിച്ചു. ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് വ്യാപനം പൂര്‍ണമായി നിലച്ചിട്ടില്ല. പ്രതിദിനം 20,000 കേസുകളുണ്ടാകുമെന്ന് പറഞ്ഞെങ്കിലും അതില്‍ നിന്നും താഴ്ത്തിക്കൊണ്ടുവരാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.

പുതിയ വൈറസിനെ കണ്ട സ്ഥിതിക്ക് നിരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എയര്‍പോട്ടിനോടനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിച്ചുവരുന്നു. എല്ലാവരും സ്വയം ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. ക്വാറന്റൈനിലുള്ള എല്ലാവരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടാണെന്നും മന്ത്രി വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close