Healthlocaltop news

ജില്ലയില്‍ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി

കോഴിക്കോട് :ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണത്തിനു മുന്നോടിയായുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ബീച്ച് ഗവ. ജനറല്‍ ആശുപത്രി, സി.എച്ച്.സി തലക്കുളത്തൂര്‍, എഫ്.എച്ച്.സി പുതിയാപ്പ, എഫ്.എച്ച്.സി പെരുമണ്ണ, മിംസ് ആശുപത്രി എന്നിവിടങ്ങളില്‍ കോവിഡ് വാക്സിനേഷന് മുന്നോടിയായുളള ഡ്രൈ റണ്‍ നടന്നു. ഇന്നലെ 9 മണി മുതല്‍ 11 മണിവരെയാണ് ഡ്രൈ റണ്‍ നടന്നത്. അഞ്ച് കേന്ദ്രങ്ങളിലായി 94 ആരോഗ്യപ്രവര്‍ത്തകരാണ് പങ്കെടുത്തത്. കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യം

ഓരോ സെന്ററിലും വെയ്റ്റിംഗ് റും, വാക്സിനേഷന്‍ റും, ഒബ്സര്‍വേഷന്‍ റും എന്നിവ ക്രമീകരിച്ചിരുന്നു. നാലു വാക്സിനേഷന്‍ ഓഫീസര്‍മാര്‍, ഒരു സൂപ്പര്‍വൈസര്‍, ഒരു വാക്സിനേറ്റര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങിയതായിരുന്നു ഡ്രൈ റണ്‍ സെന്ററിലെ പ്രവര്‍ത്തകര്‍.കുത്തിവയ്പെടുക്കുന്ന സിറിഞ്ചില്‍ വാക്സിന്‍ ഉണ്ടാവില്ല എന്നതൊഴിച്ചാല്‍ ബാക്കി നടപടി ക്രമങ്ങളെല്ലാം ആവിഷ്‌കരിച്ചു.വാക്സിനായി രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവരുടെ മൊബൈലില്‍ കുത്തിവയ്പെടുക്കാന്‍ വെള്ളിയാഴ്ച ഹാജരാവണമെന്ന സന്ദേശം ലഭിച്ചിരുന്നു.

ഒന്നാം വാക്സിനേഷന്‍ ഓഫീസര്‍ ലിസ്റ്റു ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍, രണ്ടാം വാക്സിനേഷന്‍ ഓഫീസറുടെ അടുത്ത് ഐഡി പരിശോധന നടത്തുന്നതാണ് ആദ്യഘട്ടം. ശേഷം കുത്തിവയ്പുമുറിയില്‍ പ്രവേശിച്ച് വാക്സിനേഷന്‍ സ്വീകരിച്ച് അര മണിക്കുര്‍ നിരീക്ഷണത്തില്‍ ഇരിക്കും. അസ്വസ്തതകള്‍ എന്തെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ ചികിത്സ നല്‍കുന്നതിനായി ആംബുലന്‍സ് അടക്കമുളള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. കൂടാതെ എമര്‍ജന്‍സി അലെര്‍ട്ട് നമ്പരും അടുത്ത വാക്സിനേഷന്‍ തിയ്യതിയും ഇവരെ ധരിപ്പിച്ചു.

ജില്ലയില്‍ വാക്സിനായി കോ-വിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 34055 ആരോഗ്യ പ്രവര്‍ത്തകരാണ്. ജനറല്‍ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി, ആര്‍. സി. എച്ച് ഓഫീസര്‍ ഡോ.മോഹൻദാസ് ടി , ആശുപത്രി സൂപ്രണ്ട് ഡോ.ഉമ്മർ ഫാറൂഖ് എന്നിവര്‍ ഡ്രൈ റണ്ണിന് നേതൃത്വം നല്‍കി. മറ്റു സെന്ററുകളില്‍ പ്രോഗ്രാം ഓഫീസര്‍മാരും, മെഡിക്കല്‍ ഓഫീസര്‍മാരും നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close