KERALAlocaltop news

പ്രതിസന്ധി ഘട്ടങ്ങളെ പുതിയ കുതിപ്പിനുള്ള സമയമായി കാണണം: മുഖ്യമന്ത്രി

ജില്ലയിലെ മൂന്ന് ടൂറിസം പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു

കോഴിക്കോട്: പ്രതിസന്ധി ഘട്ടങ്ങളെ പുതിയ കുതിപ്പിനുള്ള സമയമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ തോണിക്കടവ്, അരിപ്പാറ, കാപ്പാട് എന്നിവിടങ്ങളിലേതുള്‍പ്പെടെ സംസ്ഥാനത്തെ 25 വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് പോലുള്ള പ്രതിസന്ധികള്‍ക്കിടയിലും വിനോദസഞ്ചാര മേഖലയെ ഊര്‍ജസ്വലമാക്കാന്‍ സാധിച്ചു. എട്ടുമാസത്തോളം പല വിനോദ സഞ്ചാരങ്ങള്‍ കേന്ദ്രങ്ങളും അടച്ചിടേണ്ടി വന്നു. നിരവധിപേരുടെ വരുമാനമാര്‍ഗം എന്നനിലയിലാണ് ഇവ തുറന്നുകൊടുത്തത്. ഉത്തരവാദിത്ത ടൂറിസം പദ്ധതി വഴി ഓരോ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി.

ബ്ലൂ ഫ്‌ലാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കാപ്പാട് ബീച്ചിലെ ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്. 99.95 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

പെരുവണ്ണാമൂഴി റിസര്‍വോയര്‍ തീരത്ത് ജലസേചനവിഭാഗത്തിന്റ സ്ഥലത്ത് ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് തോണിക്കടവ് വിനോദസഞ്ചാര പദ്ധതി നടപ്പാക്കിയത്. ബോട്ടിങ് സെന്റര്‍, വാച്ച് ടവര്‍, കഫ്‌റ്റേരിയ, ആറ് റെയിന്‍ ഷെല്‍ട്ടറുകള്‍, ഓപ്പണ്‍ എയര്‍ ആംഫി തിയേറ്റര്‍, ശൗചാലയം, നടപ്പാതകള്‍, ടിക്കറ്റ് കൗണ്ടര്‍, ചുറ്റുമതില്‍ നിര്‍മാണം. തിയേറ്റര്‍ ഗ്രീന്‍ റൂം നിര്‍മാണം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍.രണ്ട് ഘട്ടങ്ങളിലായി 3.9 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

വിനോദ സഞ്ചാര വകുപ്പ് 1.92 കോടി ചെലവഴിച്ചാണ് അരിപ്പാറ വെള്ളച്ചാട്ട വികസന പദ്ധതി പൂര്‍ത്തിയാക്കിയത്. 1.76 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിട്ട തൂക്കുപാലം, 7.58 ലക്ഷം രൂപയുടെ ടോയ്‌ലെറ്റ് ബ്ലോക്ക്, 8.76 ലക്ഷം രൂപയുടെ സെക്യൂരിറ്റി ക്യാബിന്‍ എന്നിവയുടെ പ്രവൃത്തിയാണ് പൂര്‍ത്തിയായത്. ജല കായിക വിനോദത്തില്‍ ലോകശ്രദ്ധ നേടിയ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്ന പ്രദേശമാണ് ഇരുവഞ്ഞിപ്പുഴയുടെ തീരത്തെ അരിപ്പാറ വെള്ളച്ചാട്ടം.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close