localtop news

കോഴിക്കോട്ടെ സായാഹ്നങ്ങൾക്ക് മാറ്റുക്കൂട്ടാൻ ഫ്രീഡം സ്ക്വയറും കൾച്ചറൽ ബീച്ചും

ഫ്രീഡം സ്ക്വയർ,  കൾച്ചറൽ ബീച്ച് : അറിവ് അനുഭവം ആനന്ദം

കോഴിക്കോട് :നോർത്ത് അസംബ്ലി മണ്ഡലത്തിന്റെ രണ്ട് സുപ്രധാന പദ്ധതികളായ ഫ്രീഡം സ്ക്വയറും കള്‍ച്ചറല്‍ ബീച്ചും നാടിന് സമർപ്പിക്കുകയാണ്.വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കും. പ്രദീപ് കുമാര്‍
എം എല്‍ എ യുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 2.5 കോടി രൂപ ഉപയോഗിച്ച് നിർമിച്ചതാണ്  ഫ്രീഡം സ്ക്വയർ. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 4 കോടി രൂപയിൽ പൂർത്തിയാക്കിയതാണ്  കൾച്ചറൽ ബീച്ച്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ വച്ചാണ് എം എല്‍ എ എന്ന നിലയില്‍,  കോഴിക്കോട് കടപ്പുറത്ത് ഇത്തരം സാംസ്കാരിക പരിപാടികള്‍ക്കായി ഒരു സ്ഥിരം വേദി ഒരുക്കാന്‍ശ്രമിക്കുമെന്ന് പറഞ്ഞത്. ഇപ്പോള്‍ ആ വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. അതോടൊപ്പം ക്രിയാത്മകമായ പിന്തുണ തന്ന് ഈ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച സര്‍ക്കാരിനോടും വിവിധ സംവിധാനങ്ങളോടുമുള്ള നന്ദിയും അറിയിക്കുന്നു.നാളെ കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ കടപ്പുറമായി കോഴിക്കോട് മാറമെന്ന് പ്രത്യാശിക്കുന്നു. കോഴിക്കോടിന്റെ സ്നേഹവും വിശ്വസ്തതയും ഐക്യവും രുചിവൈവിധ്യവും എല്ലാം ഇതിനുമുതല്‍ക്കൂട്ടായി മാറുമെന്നും നമുക്കു കരുതാം- പ്രദീപ് കുമാര്‍ എം എല്‍ എ പറഞ്ഞു.
പ്രശസ്ത ആര്‍ക്കിടെക്റ്റ്മാരായ  ശ്രീ വിനോദ് സിറിയക്, ശ്രീ വിവേക് പി പി എന്നിവരാണ്  ആണ് കള്‍ച്ചറല്‍ ബീച്ചിന്റേയും ഫ്രീഡം സ്ക്വയറിന്റേയും  രൂപകല്പന ചെയ്തിരിക്കുന്നത്. യു എല്‍ സി സി ആണ് ഇതിന്റെ നിര്‍വ്വഹണം പൂര്‍ത്തീകരിച്ചത്.
ഫ്രീഡം സ്ക്വയർ
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ത്രസിപ്പിക്കുന്ന സ്മരണകൾ ഇരമ്പുന്നയിടമാണ് കോഴിക്കോട് കടപ്പുറം. ഉപ്പു സത്യാഗ്രഹത്തിനു സാക്ഷ്യം വഹിച്ച മണൽത്തരികൾ, ആ വീരേതിഹാസ ചരിത്രം ഇപ്പോഴും നെഞ്ചിലേറ്റുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്യാഗോജ്ജല സ്മരണകൾ, വർത്തമാനക്കാലത്തോടു അനായാസേന സംവദിക്കും വിധമാണ് ഫ്രീഡം സ്ക്വയർ ഒരുക്കിയിരിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപേ കടൽ കടന്ന് കോഴിക്കോടിന്റെ തീരത്തണഞ്ഞ അറബ്, ചൈനീസ്, പോർട്ടുഗീസ് വൈദേശിക വാണിജ്യ സാംസ്കാരിക പൈതൃകങ്ങളും, സാമൂതിരി രാജവാഴ്ച്ചയുടെ സുവർണ്ണ സ്മരണകളും, ബ്രിട്ടീഷ് കൊളോണിയൽ അധിനിവേശത്തിനെതിരായ സമര ചരിതങ്ങളും ഇവിടെ ചുവരുകളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. നഗരാഭിമുഖമായി നിൽക്കുന്ന പ്രവേശന കവാടം കടന്ന് സമുദ്രത്തിന്റെ അനന്തതയിലേക്ക് തുറക്കുന്ന ഇടനാഴിയിൽ കോഴിക്കോടിന്റെ ചരിത്ര തുടിപ്പുകളെ പുതിയ തലമുറയ്ക്കായി അടയാളപ്പെടുത്തിയിരിക്കുന്നു ഫ്രീഡം സ്ക്വയർ.
കൾച്ചറൽ ബീച്ച് 
കോഴിക്കോട്ടുക്കാരുടെ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും സാക്ഷിയാകുന്ന അരങ്ങാണ് നമ്മുടെ കടപ്പുറം. അന്താരാഷ്ട്ര തലത്തിൽ കോഴിക്കോടിന്റെ യശസ്സ് ഉയർത്തിയ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള സാംസ്കാരിക രാഷ്ട്രീയ പരിപാടികൾക്ക് അരങ്ങാകുന്ന ഈ ഇടത്തിന് പുതിയ രൂപവും ഭാവവും നൽകുകയാണ് കൾച്ചറൽ ബീച്ച് എന്ന പദ്ധതിയിലൂടെ. തെക്ക് ഫ്രീഡം സ്ക്വയർ മുതൽ വടക്ക് ലയൺസ് പാർക്ക് വരെയാണ് കൾച്ചറൽ ബീച്ചിനായി ഒരുക്കിയിരിക്കുന്നത്.  വലിയ കോൺഫറൻസ് ഹാളും, ലഘു പരിപാടികൾ സംഘടിപ്പിക്കാവുന്ന ചെറിയ ഹാളുകളും മികച്ച സൗകര്യങ്ങളോടു കൂടിയ ശുചി മുറികളുമെല്ലാം പദ്ധതിയുടെ ഭാഗമാണ്.കലാകാരൻമാർക്കും സാഹിത്യകാരൻമാർക്കും യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമെല്ലാം ആശയ വിനിമയം നടത്താനും ചർച്ചകൾ സംഘടിപ്പിക്കാനുമുള്ള കോഫി വിത്ത് കോൺവർസേഷൻ എന്ന സങ്കൽപവും ഇവിടെ സാക്ഷാത്ക്കരിക്കപ്പെടുന്നു. കാത്തിരിപ്പിന്റെ മുഷിവില്ലാതെ കോഫി ആസ്വദിക്കാനും, പ്രിയപ്പെട്ടവർ വരുന്നതു വരെ ഒരു പുസ്തകത്തോടൊപ്പം സമയം ചിലവിടാനുമുള്ള മനോഹരമായ ഒരിടമായിരിക്കുമിത്.
Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close