localtop news

“ഇനി ഞാനൊഴുകട്ടെ” മൂന്നാം ഘട്ട ക്യാമ്പയിനു ജില്ലയിൽ തുടക്കമായി “വീണ്ടെടുക്കാം ജലശൃംഖലകൾ” വി. കെ. സി. മമ്മദ് കോയ എം. എൽ. എ. ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോർപ്പറേഷനിലെ 48,49,50,53 വാർഡുകളിലൂടെ ഒഴുകുന്ന മുണ്ടകൻ തോട് ശുചീകരണത്തോടെ ‘ഇനി ഞാൻ ഒഴുക്കട്ടെ’ മൂന്നാം ഘട്ട ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. “വീണ്ടെടുക്കാം ജലശ്യംഖലകൾ എന്ന് പേരിട്ട ക്യാമ്പയിൻ വാർഡ് 53 ലെ കുത്തുകല്ല് റോഡിന് സമീപം മണപ്പാടത്ത് വി.കെ.സി. മമ്മദ്കോയ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കലക്ടർ എസ് സാംബശിവറാവു ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രകാശ് പദ്ധതി വിശദീകരിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഡോ ജയശ്രീ ജലപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് 50 ഡിവിഷൻ കൗൺസിലർ കെ കൃഷ്ണകുമാരി സ്വാഗതവും വാർഡ് 53 കൺസിലർ നവാസ് വാടിയിൽ നന്ദിയും പറഞ്ഞു.

കൗൺസിലർമാരായ രജനി തോട്ടുങ്ങൽ, ഷമീന ടി കെ, ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എ ഷീജിത്ത്, ഹെൽത്ത് സൂപ്പർവൈസർ ഇൻചാർജ് പി ഷജിൽ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ടി നാസർബാബു, കുടുംബശ്രീ പ്രോജക്ട് ഓഫീസർ ടി.കെ പ്രകാശ്, ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എ കെ അജയകുമാർ, മുൻ കൗൺസിലർ പ്രകാശൻ, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്സൺ പ്രിയ പി തുടങ്ങിയവർ സംസാരിച്ചു.

6.5 കിലോമീറ്റർ നീളമുള്ള തോട്ടിൽ നിന്ന് കുളവാഴ, അടിഞ്ഞു കൂടിയ ചെളി, അജൈവ മാലിന്യങ്ങൾ എന്നിവ മെഷീനറി ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. വരും ദിവസങ്ങളിൽ എല്ലാ വീടുകളിലും നോട്ടീസ് നൽകൽ, സ്കൂൾ, കോളേജ്, എൻ.എസ്.എസ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു
പ്രചാരണ ജാഥകൾ എന്നിവ സംഘടിപ്പിച്ചും. തോടിനെ വിവിധ മേഖലകളായി തിരിച്ച് സംഘാടക സമിതികൾ രൂപീകരിക്കും. ഫെബ്രുവരി 25 ന് വിപുലമായ ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം നടത്തും. തുടർന്ന് വിവിധ പദ്ധതികളെ സംയോജിപ്പിച്ച് ചെളിയും പോളയും നീക്കം ചെയ്ത് തെളിനീരൊഴുകുന്ന കനാലായി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്.

ഹരിതകേരളം മിഷന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നീർച്ചാലുകളും പുഴകളും വീണ്ടെടുക്കുന്നതിനായി സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. വിവിധ സർക്കാർ വകുപ്പുകളുടേയും തൊഴിലുറപ്പ് പദ്ധതി ഉൾപ്പടെയുള്ള വിവിധ ഏജൻസികളുടെയും സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. 2019 ഡിസംബർ മാസത്തിൽ ‘ഇനി ഞാനൊഴുകട്ടെ ‘ എന്ന പേരിൽ നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 77 തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ ഒഴുകുന്ന 98 നീർച്ചാലുകളെ ശുചീകരിച്ച് വീണ്ടെടുത്തിരുന്നു.
ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്ത്/ നഗരസഭകളിലും ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഈ ക്യാമ്പയിൻ നടത്തും. തൊഴിലുറപ്പ് പദ്ധതി , കുടുംബശ്രീ, യുവജനങ്ങൾ, വിവിധ സംഘടനകൾ, വിദ്യാർത്ഥികൾ, എന്നിവരുടെ പങ്കാളിത്തത്തോടെ ജനകീയമായാണ് ഈ ക്യാമ്പയിൻ നടത്തുന്നത്.
വീണ്ടെടുത്ത തോടുകളുടേയും നീർച്ചാലുകളുടേയും തുടർസംരക്ഷണം തൊഴിലുറപ്പ് പദ്ധതികളിലൂടെയും മറ്റ് പദ്ധതികളെ സംയോജിപ്പിച്ചും നടപ്പിലാക്കും .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close