KERALAtop news

കടലാസിലെ എഴുത്തുകള്‍ ‘കടലാസി’ലാക്കി കടലാസ് പുസ്തകം പ്രകാശനം ചെയ്തു

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലെ സാഹിത്യ പേജുകളില്‍ മുന്‍പന്തിയിലുള്ള കടലാസ് തങ്ങളുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു. മലയാള സാഹിത്യത്തിലെ പ്രശസ്തരായ ഉണ്ണി ആര്‍, റഫീഖ് അഹമ്മദ്, സിനിമാതാരം വിനയ് ഫോര്‍ട്ട്, അശ്വതി ശ്രീകാന്ത്, സംവിധായകരായ ബേസില്‍ ജോസഫ്, ജെനിത് കാച്ചപ്പിള്ളി എന്നിവരാണ് പുസ്തകം ഓണ്‍ലൈനായി പ്രകാശനം ചെയ്തത്. കടലാസില്‍ വന്ന തിരഞ്ഞെടുത്ത 145 എഴുത്തുകാരുടെ രചനകളാണ് പുസ്തകത്തിലുള്ളത്. എല്ലാ പേജുകളും കളര്‍ ആയി ഒരുക്കിയ ഈ പുസ്തകത്തിന്റെ രൂപവും വളരെ വ്യത്യസ്തമാണ്. കടലാസ് എന്ന ഈ ആശയത്തിന്റെ പിന്നില്‍ ബിബിന്‍ ജോസ് എന്ന ഒരു വൈദികനാണ്. എഴുത്തും കലയും നവമാധ്യമങ്ങളിലക്ക് കൂടി വഴിമാറുന്ന ഈ കാലഘട്ടത്തില്‍ ഒരു വ്യത്യസ്തമായ പാതയിലൂടെ എഴുത്തു കൂട്ടായ്മയെ വളര്‍ത്തിയെടുക്കുകയാണ് അദ്ദേഹം.

2013 കേരളപ്പിറവി ദിനത്തിലാണ് കടലാസ് സാമൂഹ്യ മാധ്യമങ്ങളില്‍ തുടക്കമിട്ടത്. ഫെയ്സ്ബുക്ക് ആയിരുന്നു കടലാസിന്റെ ആദ്യ ഇടം. പിന്നീടത് ഇന്‍സ്റ്റഗ്രാമിലേക്കും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലേക്കും വഴിമാറി. ഏഴു വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ എഴുത്ത് യാത്രയില്‍ അറിയപ്പെടാത്ത മൂവായിരത്തില്‍പ്പരം എഴുത്തുകാരെ കടലാസിലൂടെ പരിചയപ്പെടുത്താന്‍ സാധിച്ചു. ജാതിമതഭേദമന്യേ എല്ലാവരുടെയും കഴിവുകളെ വിളിച്ചുപറയുകയാണ് കടലാസ്. അതുകൊണ്ടുതന്നെ ‘ഒളിച്ചുവയ്ക്കാന്‍ ഉള്ളതല്ല, വിളിച്ചുപറയാന്‍ ഉള്ളതാണ് കല’ എന്നതാണ് കടലാസിന്റെ ടാഗ്‌ലൈന്‍.

മൂന്നുവര്‍ഷം മുമ്പ് മൂന്നരലക്ഷം ഫോളോവേഴ്സ് എത്തി നിന്നപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടതാണ് ഈ പേജ്. എന്നിട്ടും തളരാതെ മുന്‍പോട്ട് പോവുകയാണ് കടലാസ്. എഴുത്തുകാരിലൂടെ കലകളിലൂടെ മറ്റൊരു ലോകത്തിന്റെ നിര്‍മ്മിതിക്കായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കടലാസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close